നിതീഷ് കുമാര്‍ അധികാരമേറ്റു ; സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രി

Nitish Kumar

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യ പ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് സുശീല്‍ കമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ജെഡി(യു) ബിജെപി സഖ്യത്തിന് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സുശീല്‍ കുമാര്‍ മോദി അറിയിച്ചിരുന്നു. വിശ്വാസവേട്ടെടുപ്പ് നാളെ നടക്കും. അതിന് ശേഷമായിരിക്കും മന്ത്രിസഭാ വികസനം. ബിജെപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരാകുമെന്നാണ് സൂചന.

ബിഹാറില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 242 അംഗ സഭയില്‍ ജെ.ഡി.യു.വിന് 71 സീറ്റാണുള്ളത്. 53 അംഗങ്ങളാണ് ബി.ജെ.പിക്ക്. 122 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. ആര്‍.ജെ.ഡി.ക്ക് 80ഉം കോണ്‍ഗ്രസിന് 27ഉം അംഗങ്ങളുണ്ട്.

ഇന്നലെ വൈകുന്നേരമാണ് ബി.ജെ.പി.ക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യം തകര്‍ന്നത്. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.

സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയായിരുന്നു നിതീഷിന്റെ രാജി. ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി.

Top