ഇനി പഠിച്ച് പ്രസംഗിച്ചാല്‍ മതി; രാഹുലിന് ഭഗവത്ഗീത അയച്ചു കൊടുത്ത് ബിജെപി !

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് ഭഗവത്ഗീതയുടെ കോപ്പി അയച്ചുകൊടുത്ത് ബീഹാര്‍ ബിജെപി ഘടകം. ഹിന്ദുത്വവും ഹിന്ദു മതവും വ്യത്യസ്തമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് ബിജെപിയുടെ നീക്കം.

ഏത് സംസ്ഥാനത്ത് ഏത് തെരഞ്ഞെടുപ്പ് വന്നാലും രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങും. ഹിന്ദുത്വവും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് വേണ്ടിയാണ് ഭഗവത് ഗീത അയച്ചുകൊടുക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞു.

മാത്രമല്ല, രാഹുല്‍ ഗാന്ധിയും സല്‍മാന്‍ ഖുര്‍ഷിദും റാഷിദ് അല്‍വിയുമൊക്കെ പറഞ്ഞ പ്രസ്താവന യാദൃശ്ചികമല്ലെന്നും, അത് വ്യക്തമായി പ്ലാന്‍ ചെയ്തതാണ്. കഴിഞ്ഞ നാലു ദിവസമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞുനടക്കുന്നതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. സല്‍മാന്‍ ഖുര്‍ഷിദ് ആര്‍എസ്എസിനെ ഐഎസ്ഐഎസുമായി താരതമ്യം ചെയ്തതും റാഷിദ് അല്‍വി, ജയ് ശ്രീ രാം ചെകുത്താന്റെ ഭാഷയാണെന്ന് പറഞ്ഞതുമെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിജെപി നേതാവ് പറഞ്ഞു.

ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും, ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എംപി ഇക്കാര്യം പറഞ്ഞത്.

Top