ബിഹാറിലെ എന്‍ഡിഎയ്ക്കുള്ളില്‍ ഭിന്നതകള്‍ ഇല്ല; നിതീഷിനെ മെരുക്കാന്‍ ഒരുങ്ങി അമിത് ഷാ

പാറ്റ്‌ന: ഈ വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ബി..ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബിഹാറിലെ എന്‍ഡിഎയ്ക്കുള്ളില്‍ ഭിന്നതകള്‍ ഇല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കിംവദന്തികള്‍ക്കും ഇതോടെ വിരാമം കുറിക്കുകയാണെന്നും ഷാ പറഞ്ഞു.

ബിഹാറിലെ വൈശാലിയില്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ഞങ്ങളുടെ സഖ്യത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും ഞാന്‍ തള്ളിക്കളയുന്നു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും ബിഹാറില്‍ ദേശീയ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുക. നമ്മുടെ സഖ്യം വേറിട്ടുപോകുമെന്ന് അഴിമതി കേസുകളില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് സ്വപ്നം കണ്ടേക്കാം. എന്നാല്‍ എന്‍ഡിഎ, ബിഹാറിനെ വെറും റാന്തല്‍വിളക്ക് (ആര്‍ജെഡിയുടെ ചിഹ്നം) യുഗത്തില്‍ നിന്ന് എല്‍ഇഡി യുഗത്തിലേക്കാണ് നയിച്ചതെന്ന് ഓര്‍ക്കണം’ അമിത് ഷാ പറഞ്ഞു. രാജ്യവും സംസ്ഥാനവും യഥാക്രമം നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറ?ഞ്ഞു.

ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.ഇതിനു പിന്നാലെ ബിഹാറിലെ എന്‍ഡിഎയില്‍ വിള്ളല്‍ വീണതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ തന്നെ നേരിട്ട് ഇതു തള്ളിക്കൊണ്ടു രംഗത്തെത്തിയത്. ഈ വര്‍ഷം ഒക്ടോബറിലാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

Top