ബീഹാറില്‍ ഉഷ്ണതരംഗം; 24 മണിക്കൂറിനിടെ മരണം 46 ആയി ഉയര്‍ന്നു

പാറ്റ്‌ന: ബീഹാറില്‍ ഉഷ്ണതരംഗം (heat wave) മൂലം 46 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെയാണ് ഇത്രയേറെ പേര്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരില്‍ അധികവും ഔറംഗാബാദ്, ഗയ,നവാഡ ജില്ലകളില്‍നിന്നുള്ളവരാണ്. ഗയ, പട്ന തുടങ്ങിയിടങ്ങളില്‍ ശനിയാഴ്ച 45 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ചൂടാണ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിവരെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 27 പേര്‍ മരിച്ചതായി ഔറംഗാബാദ് സിവില്‍ സര്‍ജന്‍ ഡോ. സുരേന്ദ്ര പ്രസാദ് പറഞ്ഞു. നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്ട്രേട്ട് അഭിഷേക് സിങ് പറഞ്ഞു. നവാഡയില്‍ അഞ്ചുപേര്‍ മരിച്ചതായും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗയ, നവാഡ ജില്ലകളില്‍ അറുപതോളം പേര്‍ ചികിത്സയിലുണ്ട്.

Top