ബിഗിലിന്റെ വൈഡ് റിലീസില്‍ ലിസ്റ്റിനുമായി സഹകരിക്കില്ല: തിയേറ്റര്‍ ഉടമകളുടെ സംഘടന

വിജയ് ചിത്രം ബിഗിലിന്റെ വൈഡ് റിലീസുമായി ബന്ധപ്പെട്ട് വിതരണാവകാശം ഏറ്റെടുത്തിട്ടുള്ള ലിസ്റ്റിന്‍ സ്റ്റീഫനുമായി സഹകരിക്കില്ലെന്ന് തീയ്യറ്റര്‍ ഉടമകളുടെ സംഘടന. ഫിലിം എക്‌സിബിറ്റേര്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 125 സ്‌ക്രീനുകളില്‍ മാത്രം ഇതരഭാഷ പ്രദര്‍ശിപ്പിക്കണമെന്ന സംഘടനാ തീരുമാനം മറികടന്ന് തമിഴ് ചിത്രം ബിഗില്‍ 200 അടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയിംസിന് താക്കീത് നല്‍കിയത്.

കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നീ സംഘടനകളാണ് മാജിക് ഫ്രെയിംസിനോട് സഹകരിക്കേണ്ടെന്ന തീരുമാനം എടുത്തിരിക്കുന്നത്.ദീപാവലി റിലീസായി പ്രദര്‍ശനത്തിന് എത്തിയ വിജയ് ചിത്രത്തിന് തിയേറ്ററുകള്‍ കുറവാണെന്ന് കാണിച്ച് ആരാധകര്‍ നേരത്തെ പ്രതിഷേധമുയര്‍ത്തിയിരുന്നു

നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.ഇതോടെ ലിസ്റ്റിന്‍ സ്റ്റീഫന്റെതായി നിര്‍മ്മാണത്തിലിരിക്കുന്ന ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയടക്കമുള്ള ചിത്രങ്ങള്‍ക്ക് പ്രതിസന്ധി നേരിടേണ്ടിവരും.

Top