20 മില്യണ്‍ കാഴ്ചക്കാരുമായി ‘ബിഗില്‍’ ട്രയിലര്‍ യൂട്യൂബില്‍ ഒന്നാമത്

റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് ദളപതി വിജയ്യുടെ പുതിയ ചിത്രം ബിഗില്‍ മുന്നേറുകയാണ്.

20 മില്യണ്‍ കാഴ്ചക്കാരുമായി ബിഗില്‍ ട്രയിലര്‍ യൂട്യൂബില്‍ ഒന്നാമതെത്തി. റിലീസ് ചെയ്ത ഒരു മണിക്കൂറിന് മുമ്പ് തന്നെ അഞ്ച് മില്യണ്‍ കാഴ്ചക്കാരുമായി ട്രയിലര്‍ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു.

ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്ത് വിട്ട ട്രയിലര്‍ യൂടൂബില്‍ മാത്രം ഏഴ് മണിക്കൂറിനുള്ളില്‍ ഒരുകോടി ആളുകളാണ് കണ്ടത്. 24 മണിക്കൂര്‍ തികയുമ്പോള്‍ 17 ലക്ഷത്തിലേറെ പേര്‍ ട്രെയിലര്‍ വീഡിയോ യൂട്യൂബില്‍ ലൈക്ക് ചെയ്തിരുന്നു. രാജ്യത്തെ മറ്റൊരു യുവ താരത്തിനും സ്വപ്നംപോലും കാണാന്‍ കഴിയാത്ത പ്രേക്ഷക പിന്തുണയാണിത്.

ഈ ദീപാവലി സീസണില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനായാണ് വിജയ് അഭിനയിച്ചിരിക്കുന്നത്. തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രമാണ് ബിഗില്‍.

വിജയ്, നയന്‍താര എന്നിവര്‍ക്ക് പുറമെ ജാക്കി ഷിറോഫ്, വിവേക്, കതിര്‍, ഡാനിയല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top