ഏഴ് മണിക്കൂറിന് മുൻപ് ഒരുകോടി പേർ ! സിനിമാ മേഖലയെ ഞെട്ടിച്ച് ‘ബിഗിൽ’

കൊച്ചി : തമിഴകത്ത് മാത്രമല്ല, കേരളത്തിലും കണ്ണു തള്ളിയിരിക്കുകയാണ് സിനിമാ ലോകം.

ദളപതി വിജയ് യുടെ ഏറ്റവും പുതിയ സിനിമയായ ബിഗിലിന്റെ ട്രയിലറിന്റെ പോക്ക് കണ്ടാണ് സകലരും ഞെട്ടിയിരിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്ത് വിട്ട ട്രയിലര്‍ യൂടൂബില്‍ മാത്രം ഏഴ് മണിക്കൂറിനുള്ളില്‍ ഒരുകോടി ആളുകളാണ് കണ്ടത്. 14 ലക്ഷം ലൈക്കുകളും തൊണ്ണൂറ്റിയൊന്‍പതിനായിരം കമന്റുകളും ഈ സമയത്തിനുള്ളില്‍ മാത്രംനേടിയിട്ടുണ്ട്. അതായത് ഈ പോക്ക് പോയാല്‍ പല കോടിതാണ്ടി ചരിത്രമാകുമെന്ന കാര്യം ഉറപ്പ്.

രാജ്യത്തെ മറ്റൊരു യുവ താരത്തിനും സ്വപ്നംപോലും കാണാന്‍ കഴിയാത്ത പ്രേക്ഷക പിന്തുണയാണിത്.

തമിഴകത്തിന് സമാനമായ രീതിയില്‍ വലിയ ഒരു ആരാധകവൃന്ദം കേരളത്തിലും ദളപതിക്കുണ്ട്. ട്രയിലര്‍ പുറത്ത് വിട്ടത് ഇവിടെയും ആവേശപൂര്‍വ്വമാണ് വിജയ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

വനിതാ ഫുട്‌ബോള്‍ ടീമിന്റെ കഥ പറയുന്ന സിനിമയായതിനാല്‍ സ്ത്രീകളുടെ വലിയ ഒരു തള്ളിക്കയറ്റം ഈ സിനമക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ രാജ്യത്തെതന്നെ ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമയുടെ പട്ടികയില്‍ മുന്‍ നിരയില്‍ ബിഗില്‍ എത്തും.

ബിഗില്‍ ട്രയിലര്‍ പോകുന്ന പോക്ക് കണ്ട് ഇപ്പോള്‍ തന്നെ ബോളിവുഡും അമ്പരന്നിരിക്കുകയാണ്.

ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കറിന്റെ ശിഷ്യന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

ടീസറില്‍ തന്നെ വിജയ് ആരാധകരെ ത്രസിപ്പിക്കുന്ന നിരവധി രംഗങ്ങളാണ് ഉള്ളത്. വെറും ഒരു ഫുട്‌ബോള്‍ കഥയല്ല, അതിന് പിന്നില്‍ ഒരു അധോലോക കഥയും ഉണ്ടെന്ന സൂചന നല്‍കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. വൈകാരികതക്കും കുടുംബ ബന്ധങ്ങള്‍ക്കും റൊമാന്‍സിനുമെല്ലാം ബിഗില്ലില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായാണ് ഈ സിനിമ സമര്‍പ്പിക്കുന്നതെന്നാണ് സംവിധായകന്‍ തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ വിജയ് യുടെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ബിഗില്‍ വഴി ഒരുക്കുമെന്നാണ് സിനിമാ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.

ദീപാവലി റിലീസായ ഈ സിനിമ കാണാന്‍ ഇപ്പോള്‍ തന്നെ യുവ സമൂഹം വലിയ ആവേശത്തിലാണ് കാത്തിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല കേരളത്തിലെ കാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ ബിഗില്‍ കാണാന്‍ കട്ട വെയ്റ്റിങ്ങിലാണ്.

കേരളത്തില്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശനം അനുവദിച്ചില്ലങ്കില്‍ അത് ക്രമസമാധാന പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നടന്‍ പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ ഹൗസും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയിരിക്കുന്നത്.

എന്നാല്‍ എത്ര തിയറ്ററുകളില്‍ ചിത്രം റിലീസിനെത്തും എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അന്യഭാഷാ ചിത്രങ്ങള്‍ പരമാവധി 125 കേന്ദ്രങ്ങളിലെ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലുള്ളത് ബിഗിലിന്റെ റിലീസിലും തടസ്സമാകും. ഇതാണിപ്പോള്‍ വിജയ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തീയറ്റര്‍ ഉടമകളുടെ സംഘടനാ നോതൃത്വത്തോടാണ് അവരുടെ രോഷം മുഴുവന്‍. ആന്റണി പെരുമ്പാവൂര്‍ വിവരം അറിയുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തിലെ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ വലിയ ആരാധകപിന്തുണ ഈ മലയാളമണ്ണില്‍തന്നെ ദളപതിക്കുണ്ട്. സൂപ്പര്‍താരചിത്രങ്ങള്‍ക്കു ലഭിക്കുന്ന അതേ പ്രോത്സാഹനമാണ് വിജയ് ചിത്രങ്ങള്‍ക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതു തന്നെയാണ് സൂപ്പര്‍ സ്റ്റാറുകളുടെ ശിങ്കിടികളായ തിയറ്റര്‍ ഉടമകളുടെ സംഘടനാ നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്.

വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ബിഗിലിലുള്ളത്. നയന്‍താര, കതിര്‍, ജാക്കി ഷെറോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Top