വീണ്ടും വിവാദ നായകനായി നടൻ വിജയ്, ആഞ്ഞടിച്ചത് സംസ്ഥാന സർക്കാറിനെതിരെ

മിഴ് സൂപ്പര്‍താരം ദളപതി വിജയ് യുടെ വാക്കുകളുടെ പിന്നാലെയാണിപ്പോള്‍ തമിഴക രാഷ്ട്രീയം.ബിഗില്‍ സിനിമയുടെ ഓഡിയോ റിലീസിനോടനുബന്ധിച്ച് വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.ഭരണപക്ഷത്തിന് എതിരായാണ് വിജയ് പ്രധാനമായും ആഞ്ഞടിച്ചിരുന്നത്.

‘ആരെ എവിടെ ഇരുത്തണമോ അവിടെ അവരെ ഇരുത്തിയാല്‍ എല്ലാം ശരിയാകുമെന്ന’ വിജയ് യുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഫ്‌ളക്‌സ് ബോര്‍ഡ് വീണ് യുവതി മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടി സ്വീകരിക്കാതിരുന്നതാണ് താരത്തെ പ്രകോപിപ്പിച്ചത്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ലോറി ഓടിച്ചവനും ഫ്ളക്‌സ് അച്ചടിച്ചവനും എതിരെ നടപടി സ്വീകരിക്കുകയാണെന്നാണ് വിജയ് കുറ്റപ്പെടുത്തിയത്. ആയിരങ്ങളെ സാക്ഷിനിര്‍ത്തിയായിരുന്നു ഈ പ്രതികരണം.

നടനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്തിയുമായിരുന്ന എം.ജി.ആറിന്റെ കാറില്‍ യാത്രചെയ്ത ഒരു മന്ത്രി ഡി.എം.കെ നേതാവ് കരുണാനിധിയെ കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയപ്പോള്‍ ഇറക്കിവിട്ട സംഭവവും വിജയ് സദസ്സിനെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. എതിരാളിയാണെങ്കിലും അവരെ ബഹുമാനിക്കണമെന്ന കാര്യം പറയുമ്പോഴാണ് ഈ സംഭവം വിജയ് ചൂണ്ടിക്കാട്ടിയിരുന്നത്.ആരെയും അനുകരിക്കാതെ നിങ്ങള്‍ നിങ്ങളായി തന്നെ വ്യക്തിത്വം നിലനിര്‍ത്തണമെന്നും താരം ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണ് ഈ പ്രതികരണങ്ങളെല്ലാം.

അതേസമയം വിജയ് യെ പിന്തുണച്ച് നടന്‍ കമല്‍ ഹാസനും ഡി.എം.കെ നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. ഇന്നത്തെ തമിഴ് നാട്ടിലെ അവസ്ഥയെയാണ് വിജയ് സൂചിപ്പിച്ചതെന്നും തികച്ചും ന്യായമായ കാര്യമാണ് അതെന്നുമാണ് കമല്‍ പ്രതികരിച്ചത്.സംസ്ഥാന സര്‍ക്കാറിനെതിരായ വിജയ് യുടെ നിലപാട് ഡി.എം.കെയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ നേതൃത്വം.

എന്നാല്‍ നടന്‍ വിജയ് യുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് ബി.ജെ.പിയും അണ്ണാ ഡി.എം.കെ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. വിജയ് യുടെ പരാമര്‍ശം ഗൗരവമായി എടുക്കേണ്ട കാര്യമില്ലന്നാണ് മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്. കഥയില്ലാത്ത സിനിമയുടെ വിജയത്തിന് വേണ്ടി വിവാദമുണ്ടാക്കാനാണ് വിജയ് ശ്രമിച്ചതെന്നാണ് അണ്ണാ ഡി.എം.കെ നേതൃത്വവും വിമര്‍ശിക്കുന്നത്. ‘ ആരെ എവിടെ വയ്ക്കണമോ അവിടെ തന്നെയാണ് തമിഴ് മക്കള്‍ വച്ചിരിക്കുന്നതെന്നും’ വിജയ് ക്ക് ഭരണപക്ഷം മറുപടി നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലും ഇതേ ചൊല്ലി വലിയ വാക്ക് തര്‍ക്കങ്ങളാണ് നടക്കുന്നത്. വിജയ് ആരാധകരും ഭരണപക്ഷ പ്രവര്‍ത്തകരും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്.വിജയ് യുടെ നിലപാടുകളെ പിന്തുണച്ച് അനവധി സ്ത്രീകളും ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ് എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

വിജയ്, കമലിന്റെ മക്കള്‍ നീതിമയ്യത്തെ പിന്തുണയ്ക്കുമോ അതോ ഡി.എം.കെക്ക് പിന്തുണ നല്‍കുമോ എന്ന ചോദ്യവും ശക്തമാണ്. രജനിയും കമലും രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് മത്സരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണ വിജയ് ഇറങ്ങില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.ഈ രണ്ട് സൂപ്പര്‍ താരങ്ങളുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ വിജയ് ഒരു താരത്തെ മാത്രം പിന്തുണയ്ക്കാനുള്ള സാധ്യതയും വളരെ കുറവാണ്.മത്സരിച്ചില്ലങ്കില്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെക്ക് ദളപതി തന്ത്രപരമായ പിന്തുണ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

വിജയ് യുടെ പിന്തുണ ഉറപ്പിക്കുന്നതിനായി നടന്‍ കൂടിയായ ഉദയനിധി സ്റ്റാലിന്‍ ശക്തമായ ഇടപെടലാണ് നിലവില്‍ നടത്തി വരുന്നത്. ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്‍ വിജയ് യുടെ അടുത്ത സുഹൃത്ത് കൂടിയാണ്.ഡി.എം.കെ സ്ഥാപകന്‍ കരുണാനിധിക്കെതിരായി പരാമര്‍ശം നടത്തിയ മന്ത്രിയെ എം.ജി.ആര്‍ ഇറക്കിവിട്ട സംഭവം വിജയ് ഓര്‍മ്മിപ്പിച്ചതാണ് ഡി.എം.കെയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. മുന്‍പൊരിക്കല്‍ രജനി നല്‍കിയ പിന്തുണ പോലെ ഒരു കൈ സഹായമാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

ഡി.എം.കെയെ സംബന്ധിച്ച് വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാണ്. ഇപ്പോഴില്ലങ്കില്‍ ഇനിയൊരിക്കലും ഇല്ല എന്നതാണ് അവസ്ഥ. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെയാണ് രാഷ്ട്രിയത്തില്‍ ഇറങ്ങാന്‍ പോകുന്നത്. തമിഴക രാഷ്ട്രീയ നേതൃത്വങ്ങളുടെ ചങ്കിടിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യം തന്നെയാണ്. ഭരണപക്ഷമായ അണ്ണാ ഡി.എം.കെ ഈ തിരഞ്ഞെടുപ്പില്‍ വാഷ് ഔട്ട് ആകുമെന്നാണ് പൊതു വിലയിരുത്തല്‍. അപകടം മുന്നില്‍ കണ്ട് അണ്ണാ ഡി.എം.കെ നേതാക്കള്‍ രജനിക്കൊപ്പം ചേരാനുള്ള സാധ്യതയും വളരെ കുടുതലാണ്.

മക്കള്‍ നീതിമയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ട കമല്‍ ഹാസനും നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ വലുതാണ്. കന്നി തിരഞ്ഞെടുപ്പില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കമലിന്റെ പാര്‍ട്ടിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. കമലിനെ ഡി.എം.കെ മുന്നണിയിലെടുക്കണമെന്ന് സി.പി.എം നേതൃത്വവും ആവശ്യപ്പെട്ടു കഴിഞ്ഞു. അല്ലങ്കില്‍ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് ചെമ്പടയുടെ മുന്നറിയിപ്പ്.

ഡി.എം.കെയെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണ് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ്. ഇത്തവണ അധികാരം ലഭിച്ചില്ലങ്കില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അസ്തമയത്തിന് തന്നെ അത് കാരണമായേക്കും. സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തമിഴക രാഷ്ട്രീയത്തില്‍ സൂപ്പര്‍ താരങ്ങളുടെ പിന്നാലെയാണ് ഇപ്പോഴും വലിയ വിഭാഗം ജനങ്ങളുമുള്ളത്. എം.ജി.ആറിനെയും ജയലളിതയെയും മുഖ്യമന്ത്രിമാരാക്കിയ പാരമ്പര്യം രജനിക്കും കമലിനും ദളപതിക്കും മുന്നില്‍ വലിയ സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് സൂപ്പര്‍ താരങ്ങള്‍ക്ക് ഒരുമിച്ച് രാഷ്ട്രീയ മോഹം വന്നതെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും പരസ്പരം പോരാടുമെന്ന സന്ദേശമാണ് രജനിയും കമലും നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇനിയും മനസ്സ് തുറക്കാത്തത് വിജയ് ആണ്. ആവേശം ഉണര്‍ത്തുന്ന ലക്ഷക്കണക്കിന് ആരാധകര്‍ ദളപതിക്ക് തമിഴകത്തുണ്ട്. സ്വന്തമായി കൊടിയുള്ള രാജ്യത്തെ ഏക ഫാന്‍സ് അസോസിയേഷനും ദളപതിയുടേത് തന്നെയാണ്. രാഷ്ട്രീയ പ്രവേശനം മുന്‍ കൂട്ടി കണ്ട് വളരെ മുന്‍പ് തയ്യാറാക്കിയതാണ് വിജയ് ചിത്രം അലേഖനം ചെയ്ത ഈ പതാക.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് കളത്തിലിറങ്ങാന്‍ വിജയ് യെ നിലവില്‍ തടയുന്നത് രജനിയുടെയും കമലിന്റെയും സാന്നിധ്യമാണ്. ഇത്തവണ കാത്തിരുന്ന് അടുത്ത തവണ കളത്തിലിറങ്ങാം എന്ന ഉപദേശമാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിലാണ് വിജയ് യുടെ പിന്തുണയ്ക്കായി ഡി.എം.കെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. കമലും രജനിയും ഒരു പോലെ ആഗ്രഹിക്കുന്നതും ഈ സൂപ്പര്‍ താരത്തിന്റെ പിന്തുണ തന്നെയാണ്.

Political Reporter

Top