‘ഇതൊരു തുടക്കം മാത്രം ഇനി നടക്കാന്‍ പോകുന്നത് കാത്തിരുന്നു കാണാം’ ; യുഎന്‍ നടപടിയില്‍ മോദി

ജയ്പൂര്‍ : ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടി ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഏതെങ്കിലും തരത്തിലുള്ള അപകടം ആരില്‍നിന്നെങ്കിലും നേരിട്ടാല്‍ ഉറവിടങ്ങളില്‍ചെന്ന് അവരെ ഇല്ലാതാക്കും. അവര്‍ നമുക്ക് നേരെ വെടിയുണ്ടകള്‍ ഉപയോഗിച്ചാല്‍, നമ്മള്‍ വര്‍ഷിക്കുന്നത് ബോംബുകളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകം ഇന്ത്യയെ കേള്‍ക്കാന്‍ തുടങ്ങിയിട്ട്, ഇനി ആര്‍ക്കും നമ്മളെ അവഗണിക്കാന്‍ സാധിക്കില്ല. ഇതൊരു തുടക്കം മാത്രമാണ് അടുത്തത് എന്താണു നടക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണണമെന്നും ജയ്പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ രാജ്യാന്തര സമൂഹവും ഇന്ത്യയുടെ ഒപ്പം നിന്നു. അതുകൊണ്ടാണ് 130 കോടി ജനങ്ങള്‍ക്കു വേണ്ടി രാജ്യാന്തര സമൂഹത്തിനു കൃതജ്ഞത അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മസൂദ് അസ്ഹറിനെതിരായ നടപടിക്കു ശക്തമായ നീക്കങ്ങള്‍ നടത്തിയ ഫ്രാന്‍സ്, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.

മസൂദ് അസ്ഹറിനെ ആഗോളഭീകരനായി യു.എന്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മിന്നലാക്രമണമാണെന്ന് ബിജെപി അറിയിച്ചിരുന്നു.

ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ വിദേശകാര്യസെക്രട്ടറി വിജയ്ഗോഖ്ലെ ചൈനയിലെത്തി കൈമാറിയിരുന്നു.

ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗമാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള തീരുമാനമെടുത്തത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് മസൂദ് അസ്ഹറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്. മുന്‍പ് 4 തവണ മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം പ്രമേയം കൊണ്ടു വന്നത്. ഇതേ ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാമക്രമണത്തന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.

Top