മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസീസിന് കൂറ്റന്‍ സ്‌കോർ

രാജ്കോട്ട് : ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം ഏകദിനത്തില്‍ 353 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ‍ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളിലൂടെ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. 84 പന്തില്‍ 96 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ട് ഏകദിനങ്ങളിലെ ബാറ്റിംഗിന്റെ കേടു തീര്‍ക്കുന്ന പ്രകടനമാണ് ഓസീസ് ബാറ്റര്‍മാര്‍ രാജകോട്ടില്‍ പുറത്തെടുത്തത്. ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി വാര്‍ണര്‍-മാര്‍ഷ് സഖ്യം ടി20 മോഡില്‍ തകര്‍ത്തടിച്ച് എട്ടോവറില്‍ 78 റണ്‍സടിച്ചു. ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുമ്രയാണ് വാര്‍ണര്‍-മാര്‍ഷ് സഖ്യത്തിന്റെ ചൂടറിഞ്ഞത്. ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ മുഹമ്മദ് സിറാജിനെയും ഓസീസ് വെറുതെ വിട്ടില്ല. 34 പന്തില്‍ 56 റണ്‍സടിച്ച വാര്‍ണറെ മടക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ വാര്‍ണര്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല.

ഇരുവരും കണ്ണുംപൂട്ടി അടിച്ചോതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. 27ാം ഓവറില്‍ 200 കടന്ന ഓസീസ് 400 കടക്കുമെന്ന് കരുതിയിരിക്കെ സെഞ്ചുറിയിലേക്ക് കുതിച്ച മാര്‍ഷിനെ മടക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ആശ്വസിക്കാന്‍ വക നല്‍കി. 84 പന്തില്‍ 96 റണ്‍സായിരുന്നു മാര്‍ഷിന്റെ സംഭാവന. മാര്‍ഷ് പുറത്തായശേഷവും അടി തുടര്‍ന്ന സ്മിത്ത് ഓസീസിനെ 250ന് അടുത്തെത്തിച്ചു. 61 പന്തില്‍ 74 റണ്‍സെടുത്ത സ്മിത്തിനെ വീഴ്ത്തിയ സിറാജാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

പിന്നാലെ അലക്സ് ക്യാരിയെ(11)യും ഗ്ലെന്‍ മാക്സ‌വെല്ലിനെയും(5) ബുമ്ര വീഴ്ത്തിയതോടെ 400 കടക്കാമെന്ന ഓസീസ് പ്രതീക്ഷ മങ്ങി. 43-ാം ഓവറില്‍ 300 കടന്ന ഓസീസ് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായില്ല. അവസാന ഏഴോവറില്‍ 50 റണ്‍സ് നേടിയ ഓസീസിനായി മാര്‍നസ് ലാബുഷെയ്ന്‍(58 പന്തില്‍ 72) ബാറ്റിംഗില്‍ തിളങ്ങി. ഇന്ത്യക്കായി ബുമ്ര 10 ഓവറില്‍ 81 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 6 ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ആദ്യ അഞ്ചോവറില്‍ ബുമ്ര 51 റണ്‍സ് വഴങ്ങിയപ്പോള്‍ അവസാന അ‍ഞ്ചോേവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ നേരത്തെ മൂന്ന് മത്സര പരമ്പരയില്‍ 2-0ന്റെ ലീഡെടുത്തിരുന്നു.

Top