ഉണക്ക മുളകിന് വൻ വിലക്കയറ്റം; കിലോ 175

കൊച്ചി: രണ്ട് ആഴ്ചകൊണ്ട് ഉണക്ക മുളകിന് വൻ വിലക്കയറ്റം. മൂന്നു മാസമായി കൊച്ചിയിലെ മൊത്ത വിപണിയിൽ കിലോഗ്രാമിന് 125 രൂപയുണ്ടായിരുന്ന മുളകിന് കഴിഞ്ഞ ദിവസം 175 രൂപയാണു വില. കശ്മീരി മുളക് 240 രൂപയിൽ നിന്നു 330 രൂപയായി. കശ്മീരി മുളക് ഒന്നാം ഗ്രേഡിന് 100 രൂപയിലേറെ വർധനയുണ്ട്. കിലോഗ്രാമിന് 250 രൂപ ആയിരുന്നത് 350 രൂപയായി. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയേറെ വിലകൂടിയ കാലം ഉണ്ടായിട്ടില്ലെന്നു വ്യാപാരികൾ പറയുന്നു.

ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണു കേരളത്തിൽ മുളക് എത്തുന്നത്. ഇവിടങ്ങളിൽ കനത്ത മഴയിൽ വിളനാശം ഉണ്ടായതുമൂലം മാർക്കറ്റിലെത്തുന്ന മുളകിന്റെ അളവു കുറഞ്ഞതാണു വില പെട്ടെന്ന് ഉയരാൻ കാരണം.

ഡിസംബർ – ജനുവരി മാസത്തിൽ മാർക്കറ്റിലെത്തുന്ന പുതിയ വിളവിന് വില അൽപം കൂടുതലാണെങ്കിലും അപ്പോൾ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന മുളകിനു വില കുറയാറുണ്ട്. ഇത്തവണ വിളവെടുപ്പ് ആരംഭിക്കാൻ വൈകിയതുമൂലം പഴയ ശേഖരമാണു മാർക്കറ്റിൽ. എന്നിട്ടും വില കൂടുകയാണ്. വിളവെടുപ്പു തുടങ്ങി പുതിയ മുളക് എത്തുന്നതോടെ പഴയ മുളകിനു വില കുറയാൻ സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.

Top