സിൽവർ ലൈനിന് പകരം കേരളത്തിന് വമ്പൻ പദ്ധതി; കേന്ദ്ര മന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

ഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് മാധ്യമങ്ങളെ കാണും. വൈകീട്ട് നാലുമണിക്കാണ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ഭാവി ഇന്നറിയാനായേക്കും.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അതിവേഗ ട്രെയിന്‍ സര്‍വീസുകളായ വന്ദേഭാരത് കേരളത്തിനും അനുവദിച്ചേക്കുമെന്നാണ് സൂചന. വന്ദേഭാരത് കേരളത്തില്‍ പ്രായോഗികമാണെന്ന് ചില കേന്ദ്രമന്ത്രിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. റെയില്‍വേ വികസനത്തില്‍ കേരളത്തെ തഴഞ്ഞെന്ന ആക്ഷേപം ശക്തമാണ്.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ നിബന്ധനകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

50 വര്‍ഷത്തിനകം തിരിച്ചടക്കാവുന്ന വ്യവസ്ഥയില്‍ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും വായ്പാ സമാഹരണത്തിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top