തരൂരിനു വേണ്ടി വൻ പി.ആർ വർക്ക് ? മോദി സ്തുതിയും മറച്ചുവയ്ക്കുന്നു

കോൺഗ്രസ്സ് എം.പി ശശിതരൂരിന് വേണ്ടി സംസ്ഥാനത്ത് നടക്കുന്നത് ശക്തമായ പി.ആർ കാംപയിന്‍. തരൂരിന്റെ മലബാർ പര്യടനം മുതൽ ഇപ്പോൾ നടക്കുന്നതെല്ലാം തരൂർ വിഭാഗം ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ്. എതിർപ്പു നേരിടുന്നവർക്ക് ലഭിക്കുന്ന വാർത്താ പ്രാധാന്യം പരമാവധി നേട്ടമാക്കാനാണ് തരൂർ ശ്രമിക്കുന്നത്. തരൂർ പോകുന്ന ഇടത്തെല്ലാം മാധ്യമങ്ങൾ തമ്പടിക്കുകയാണ്. ഇതിൽ നവ മാധ്യമങ്ങളും ഉൾപ്പെടും. തരൂരിനെ ഒരു ഹീറോയാക്കിയും യു.ഡി.എഫിന്റെ രക്ഷകനാക്കിയും അവതരിപ്പിക്കുന്നത് ഈ വിഭാഗമാണ്. ഉമ്മൻ ചാണ്ടി കൂടി ‘കളം’ ഒഴിയുന്നതോടെ ശൂന്യമായ നേതൃപദവിയാണ് തരൂർ ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ വൻ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കുമെന്ന് പ്രവചിച്ച് ചാനൽ ബുദ്ധി ജീവികളും ചർച്ചകളിൽ സജീവമാണ്. തീർത്തും വ്യക്തി കേന്ദ്രീകൃതമായ ചർച്ചകളാണ് ചാനലുകൾ നടത്തുന്നത്.

കോൺഗ്രസ്സിന്റെ സംഘടനാപരമായ ദൗർബല്യവും മുസ്ലീം ലീഗ് സ്വന്തം സമുദായത്തിൽ നിന്നും നേരിടുന്ന എതിർപ്പും കേരള കോൺഗ്രസ്സ് ഇപ്പോൾ ഇടതുപക്ഷത്താണ് എന്ന യാഥാർത്ഥ്യവും ഉൾക്കൊള്ളാതെയാണ് ചാനലുകളിൽ കിടന്ന് നിരീക്ഷകരും അവതാരകരും തള്ളിമറിക്കുന്നത്. തരൂരിനെതിരെ കോൺഗ്രസ്സ് നേതൃത്വം എടുക്കുന്ന നിലപാടുകൾക്കെതിരെ ആഞ്ഞടിച്ച് തരൂരിന് അനുകൂലമായി സഹതാപ തരംഗം ഉണ്ടാക്കാൻ കഴിയുമോ എന്നതാണ് ഒരു വിഭാഗം മാധ്യങ്ങൾ ശ്രമിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധതയും പി.ആർ വർക്കിന്റെ ആകർഷണവുമാണ് ഇത്തരം മാധ്യമങ്ങളെ സ്വാധീനിച്ചിരിക്കുന്നത് എന്നു തന്നെ, സംശയിക്കേണ്ടി വരും.

വി.എസ് അച്ചുതാനന്ദൻ ഏറ്റവും കരുത്താർജിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നും എതിർപ്പ് നേരിട്ടതു കൊണ്ടാണെന്നും അതു പോലെ എതിർപ്പുകൾ നേരിട്ടാലും ഒടുവിൽ വി.എസിനെ പോലെ തരൂരും കേരള മുഖ്യമന്ത്രിയാകുമെന്നാണ് തരൂർ ആരാധകർ തട്ടിവിടുന്നത്. തീർത്തും പരിഹാസ്യമായ നിലപാടാണിത്. വി.എസ് ആരാണ് എന്നതും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടി ഏതാണെന്നതും മനസ്സിലാക്കി വേണം ഇത്തരം പ്രതികരണം നടത്തേണ്ടത്. വി.എസിന്റെ ത്യാഗ നിർഭയമായ പോരാട്ട ചരിത്രമല്ല തരൂരിന് ഉള്ളത്. പാവങ്ങൾക്കു വേണ്ടി വി.എസ് നടത്തിയത് പോരാട്ടങ്ങളാണ്. അതല്ലാതെ ഏതെങ്കിലും ജാതി – മത നേതാക്കളുടെ വസതിയിലേക്കുള്ള യാത്രയല്ല. ഒരു ജാതി – മത സംഘടനാ നേതൃത്വത്തിനു മുന്നിലും വി.എസ് മുട്ടുമടക്കിയിട്ടില്ല. അദ്ദേഹം ശിരസ് കുനിച്ചത് ചെങ്കൊടിക്കു മുന്നിൽ മാത്രമാണ്. ആ പാർട്ടി തന്നെയാണ് വി. എസിനെ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയും ആക്കി മാറ്റിയത്. വി.എസ്. എന്ന ജനനേതാവിനെ സൃഷ്ടിച്ചതു തന്നെ കമ്യൂണിസ്റ്റു പാർട്ടിയാണ്. പദവിയും പ്രശസ്തിയും എല്ലാം പിന്നീട് വന്നു ചേർന്നു എന്നതാണ് യാഥാർത്ഥ്യം.

എന്നാൽ തരൂരിന്റെ സ്ഥിതി അതല്ല. വി.എസുമായി ഒരു താരതമ്യത്തിനു പോലും പ്രസക്തിയുമില്ല. ശീതികരിച്ച മുറിയിലെ ഐക്യരാഷ്ട്ര സഭ അണ്ടർ സെക്രട്ടറിയുടെ കസേരയിൽ നിന്നും കോൺഗ്രസ്സിന്റെ എം.പിയും കേന്ദ്ര മന്ത്രിയും ഒക്കെയായ ശശി തരൂരിന് വിയർപ്പിന്റെ ‘മണം’ എന്താണെന്നതു പോലും ഒരുപക്ഷേ അറിയണമെന്നില്ല. കേന്ദ്ര മന്ത്രിയായി അധികം താമസിയാതെ തന്നെ ഐ.പി.എൽ വിവാദത്തിൽപ്പെട്ട് രാജി വയ്കേണ്ടി വന്നതും തരൂരിനാണ്. മൂന്ന് തവണ തലസ്ഥാനത്തെ എം.പിയായിട്ടും മറ്റു എം.പിമാർക്കും മീതെ ഒരു റിസൾട്ടുണ്ടാക്കാൻ തരൂരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോൺഗ്രസ്സ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് യു.ഡി.എഫിനെ ഭരിക്കാനുള്ള യോഗ്യതയാണെങ്കിൽ അത് ആ മുന്നണിയുടെ ഗതികേടാണ്. അങ്ങനെ മാത്രമേ വിലയിരുത്താനും കഴിയുകയൊള്ളൂ. വ്യക്തിയല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുന്നണികളും അവർ മുന്നോട്ട് വയ്ക്കുന്ന ആശയത്തിനുമാണ് പ്രസക്തി. ഒരു പ്രത്യയ ശാസ്ത്ര ബോധവും ഇല്ലാത്ത തരൂരിന് ഇതൊന്നും ഇപ്പോഴും മനസ്സിലായിട്ടില്ല. വി.എസിനെ അനുകരിക്കാൻ ശ്രമിക്കുന്നവർ വി.എസിന് ഉണ്ടായിരുന്ന പ്രത്യയ ശാസ്ത്ര ബോധത്തെ കുറിച്ചും പഠിക്കുന്നത് നല്ലതായിരിക്കും.

നേതാക്കളിൽ സമ്പന്നമായ കോൺഗ്രസ്സിന് ഇപ്പോഴുള്ള നേതൃദാരിദ്ര്യമാണ് തരൂർ മുതലെടുക്കാൻ ശ്രമിക്കുന്നത്. വി.ഡി. സതീശൻ വ്യക്തിപരമായ ‘അജണ്ട’ മുൻ നിർത്തി പറഞ്ഞതാണെങ്കിലും ഊതി വീർപ്പിച്ച ഒരു ബലൂൺ തന്നെയാണ് രാഷ്ട്രീയക്കാരനായ തരൂർ. ഈ അന്തർദേശീയ മുഖത്തെ രംഗത്തിറക്കിയതു കൊണ്ടാന്നും യു.ഡി.എഫ് നേട്ടമുണ്ടാക്കാൻ പോകുന്നില്ല. വിജയം സാധ്യമാകണമെങ്കിൽ ആദ്യം ജനങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസം നേടിയെടുക്കുകയാണ് വേണ്ടത്. ഖദർ മിന്നൽ വേഗത്തിൽ കാവിയണിയുന്നതിനാൽ കോൺഗ്രസ്സിലുള്ള വിശ്വാസം മതന്യൂനപക്ഷങ്ങൾക്കും നഷ്ടമായി കഴിഞ്ഞു. മുസ്ലീംലീഗ് യു.ഡി.എഫിൽ ഉള്ളത് കൊണ്ടു മാത്രം മുസ്ലിം വോട്ടുകൾ ലഭിക്കുമെന്ന കണക്കു കൂട്ടലും വരും തിരഞ്ഞെടുപ്പുകളിൽ തെറ്റാനാണ് പോകുന്നത്. ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്ത നേതാവ് നയിക്കുന്ന മുന്നണിയിലാണ് ഇപ്പോഴും ലീഗ് തുടരുന്നത് എന്നതു തന്നെ ആ പാർട്ടിയുടെ ദയനീയ അവസ്ഥ പ്രകടമാക്കുന്നതാണ്.

കോൺഗ്രസ്സ് തഴഞ്ഞാൽ ബി.ജെ.പിയിൽ ചേക്കേറാൻ തയ്യാറെടുക്കുന്ന നേതാവാണ് ശശിതരൂർ. ബി ജെ.പി അദ്ദേഹത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. അതും ഉറപ്പാണ്. “അതിശയകരമായ വീര്യവും ചടുലതയും ഉള്ള മനുഷ്യൻ’ എന്നാണ് നരേന്ദ്ര മോദിയെ ശശി തരൂർ മുൻപ് വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയമായി വളരെ ശ്രദ്ധേയമായ ചില കാര്യങ്ങൾ മോദി ചെയ്തിട്ടുണ്ടെന്ന കാര്യവും തരൂർ ചൂണ്ടിക്കാട്ടുകയുണ്ടായി. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കാൻ എത്തിയപ്പോഴായിരുന്നു ഇത്തരമൊരു പ്രതികരണം തരൂർ നടത്തിയിരുന്നത്. ഈ പരാമർശം ബി.ജെ.പിയിലേക്കുള്ള തരൂരിന്റെ “എൻട്രി പാസാണ് ” അതു കയ്യിൽ വച്ചാണ് അദ്ദേഹം ഇപ്പോൾ കോൺഗ്രസ്സിൽ പൊറാട്ടു നാടകം കളിച്ചു കൊണ്ടിരിക്കുന്നത്. അതെന്തായാലും . . . പറയാതെ വയ്യ . . .

EXPRESS KERALA VIEW

Top