ബിഹാറില്‍ വിശാല പ്രതിപക്ഷയോഗം നാളെ; കോണ്‍ഗ്രസിന് അന്ത്യശാസനവുമായി ആം ആദ്മി

 

ഡല്‍ഹി: ബിഹാറില്‍ നാളെ വിശാല പ്രതിപക്ഷയോഗം ചേരാനിരിക്കെ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി ആം ആദ്മി പാര്‍ട്ടി. കേന്ദ്രത്തിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരായ ആംആദ്മിയുടെ പ്രതിഷേധങ്ങളെ പിന്തുണച്ചില്ലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ഭീഷണി.

”കോണ്‍ഗ്രസ് ഉറപ്പായും ഞങ്ങളെ പിന്തുണയ്ക്കണം. ഇല്ലെങ്കില്‍ പ്രതിപക്ഷ യോഗം ബഹിഷ്‌കരിക്കും. ഭാവിയിലെ പ്രതിപക്ഷ യോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കും”- ആംആദ്മി വൃത്തങ്ങള്‍ പറഞ്ഞു. എഎപിയുടെ നിലപാടിനോടു രൂക്ഷമായാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്.

”കേജ്‌രിവാള്‍, നിങ്ങളെ ആരും ഇവിടെ ഓര്‍ക്കാന്‍ പോലും പോകുന്നില്ല, യോഗം ബഹിഷ്‌കരിക്കാന്‍ നിങ്ങള്‍ കാരണങ്ങള്‍ നോക്കുകയായിരുന്നു”- സന്ദീപ് ദീക്ഷിത് പറഞ്ഞു. ഓര്‍ഡിനന്‍സ് വിഷയത്തില്‍ പ്രതിപക്ഷയോഗത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചൊവ്വാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥ നിയമനങ്ങള്‍ നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയെ മറികടക്കാന്‍ മേയ് 19നാണു കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയത്.

 

Top