എന്‍സിബിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വന്‍മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 15,000 ബ്ലോട്ട് എല്‍എസ്ഡി

ദില്ലി: സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തുടനീളം വ്യാപകാമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വന്‍ മാഫിയയെ വലയിലാക്കി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ദില്ലിയില്‍ കോടിക്കണക്കിന് രൂപയുടെ ന്യൂജെന്‍ മയക്കുമരുന്നുകളുമായി ആറ് പേരെ എന്‍സിബി അറസ്റ്റ് ചെയ്തു. രാജ്യത്തെ രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ എല്‍എസ്ഡി വേട്ടയാണ് ഇതെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ പറയുന്നത്. കൊടുംരാസലഹരിയായ ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈല്‍ അമൈഡിന്റെ (എല്‍എസ്ഡി) 15,000 സ്റ്റാംപുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും എന്‍സിബി മയക്കുമരുന്ന് വേട്ടയില്‍ പിടിച്ചെടുത്തു.

മയക്കുമരുന്ന് ഇടപാടിലൂടെ വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയാകെ പടര്‍ന്നു കിടക്കുന്ന ലഹരിക്കടത്തു ശൃംഖലയുടെ ഭാഗമായ ആറു പേരാണ് പിടിയിലായതെന്ന് എന്‍സിബി വ്യക്തമാത്തി. രാജ്യവ്യാപകമായി നടത്തിയ റെയിഡില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയെ ജയ്പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

‘ഡാര്‍ക് നെറ്റ് ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതെന്ന് എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗ്യാനേശ്വര്‍ സിങ് പറഞ്ഞു. ഓണ്‍ലൈനായുള്ള ഇടപാടുകളാണ് ഏറെയും നടന്നിരുന്നത്. മയക്കുമരുന്നിന് പണം അടച്ചിരുന്നത് ക്രിപ്‌റ്റോ കറന്‍സിയായോ ക്രിപ്‌റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് യാതൊരു ഇടപാടുകളുമില്ല, പകരം സാങ്കേതിക വിദ്യയെ മറയാക്കിയായിരുന്നു എല്ലാ ഇടപാടുകളും’- ഗ്യാനേശ്വര്‍ സിങ് വ്യക്തമാക്കി. പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, യുഎസ്എ, ദില്ലി, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങള്‍ക്കു പുറമെ കേരളത്തിലും ലഹരി ശൃംഖലയുടെ വേരുകളുണ്ടെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്.

 

 

Top