ഓഹരിവിപണിൽ വലിയ ചലനങ്ങൾക്ക് സാധ്യത

ടന്നതു വലിയൊരു കടമ്പ. നിഫ്‌റ്റിക്കു 18,000 പോയിന്റും സെൻസെക്‌സിന് 61,000 പോയിന്റും പിന്നിടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ഓഹരി വിപണി. നീണ്ട കാത്തിരിപ്പിനൊടുവിൽ കൈവന്ന നേട്ടം നിലനിർത്താനാകുമോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും അതിനു പ്രസക്‌തി ഇല്ലാതാക്കുന്നത്ര ശക്‌തമാണു കൂടുതൽ നേട്ടങ്ങൾ സുസാധ്യമാണെന്ന പ്രതീക്ഷ.

മുന്നേറ്റ സാധ്യതകളിൽ വിപണി പ്രതീക്ഷയർപ്പിക്കുന്നതിന് കാരണങ്ങൾ പലതുണ്ട്: നാലു മാസം നീണ്ട ദുർബലമായ പ്രകടനത്തിനു ശേഷമാണ് ഇപ്പോഴത്തെ പ്രസരിപ്പ് എന്നതിനാൽ ആവേശവും നീണ്ടുനിൽക്കാനുള്ള സാധ്യത. ആഗോളതലത്തിൽത്തന്നെ നിക്ഷേപക സമൂഹത്തിനു വീണ്ടെടുക്കാൻ കഴിഞ്ഞിരിക്കുന്ന ആത്മവിശ്വാസം. വിദേശ ധനസ്‌ഥാപന (എഫ്‌ഐഐ) ങ്ങളിൽനിന്നുള്ള പണപ്രവാഹത്തിന്റെ തുടർച്ച. നിരന്തരമായ തിരുത്തലുകളിലൂടെ ന്യായമായ നിലവാരത്തിലെത്തിയിരിക്കുന്ന ഓഹരി വിലകൾ. ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയുടെ താരതമ്യേന മെച്ചപ്പെട്ട വളർച്ച നിരക്ക്. യുഎസ് ഫെഡ് റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ പലിശ വർധനയ്‌ക്കു വിരാമമാകുകയാണെന്ന വിലയിരുത്തൽ. വിപണി മൂല്യം കുറവായ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്ന പ്രിയം.

പ്രതീക്ഷിക്കാൻ ഇങ്ങനെ കാരണങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ടെങ്കിലും ചില കരുതലുകൾ ആവശ്യമായ സന്ദർഭവുമാണിത്. കോർപറേറ്റ് മേഖലയിൽനിന്നുള്ള വളരെ കുറച്ചു പ്രവർത്തന ഫലങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. പല പ്രമുഖ കമ്പനികളിൽനിന്നുമുള്ള ഫലം അറിവായിട്ടില്ല. പല പ്രധാന വ്യവസായ മേഖലകളിൽനിന്നുള്ള പ്രവർത്തന ഫലങ്ങളും അറിയാൻ ബാക്കി. അവയെല്ലാം പുറത്തുവന്നെങ്കിൽ മാത്രമേ ആകമാന ചിത്രം വ്യക്‌തമാകുകയുള്ളൂ.

യുഎസ് ഫെഡ് റിസർവിന്റെ ഇന്ന് ആരംഭിക്കുന്ന യോഗം പലിശ നിരക്കിൽ പ്രഖ്യാപിച്ചേക്കാവുന്ന വർധനയാണു മറ്റൊരു ശ്രദ്ധേയമായ കാര്യം. നിരക്കു വർധന 0.25 ശതമാനത്തിലൊതുങ്ങുമെന്നു പ്രതീക്ഷിക്കാം. അതിലും കൂടിയ നിരക്കാണു പ്രഖ്യാപിക്കുന്നതെങ്കിൽ അതിന്റെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കും.

മികച്ച വരുമാനക്കണക്കിന്റെയോ വരുമാന പ്രതീക്ഷയുടെയോ അടിസ്ഥാനത്തിൽ ചില കമ്പനികളുടെ ഓഹരി വില നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. അവയിലെ വിൽപന സമ്മർദം വിപണിയെ മൊത്തത്തിൽ ബാധിച്ചുകൂടായ്കയില്ല.

ഒട്ടേറെ പ്രമുഖ കമ്പനികൾ ഫല പ്രഖ്യാപനം നടത്തുന്ന വാരമാണിത്. ടാറ്റ സ്റ്റീൽ, അംബുജ സിമന്റ്സ് എന്നിവ നാളെ ഫലം പ്രഖ്യാപിക്കും. എംആർഎഫ്, ടാറ്റ കെമിക്കൽസ്, ടൈറ്റൻ കമ്പനി, ഹാവെൽസ് ഇന്ത്യ എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പ്രവർത്തന ഫലം വിലയിരുത്താൻ ബുധനാഴ്ച ചേരും. ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോ കോർപ് എന്നിവ നാലിനും കോൾ ഇന്ത്യ ഏഴിനും ഫലം പ്രഖ്യാപിക്കും.

ഈ ആഴ്ചയിലെ വ്യാപാരം നാലു ദിവസം മാത്രമായിരിക്കും. സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് ഇന്നു ‘മഹാരാഷ്ട്ര ദിനം’ പ്രമാണിച്ചുള്ള അവധിയാണ്. നാളെ മുതൽ വെള്ളി വരെ നീളുന്ന നാലു ദിവസത്തിനിടയിൽ വലിയ തോതിലുള്ള ചലനങ്ങൾക്കായിരിക്കും വിപണി വേദിയാകുക എന്നു കരുതുന്നു. എങ്കിലും നിഫ്റ്റിയിൽ 17,800 പോയിന്റ് നിലവാരം ശക്തമായ പിന്തുണയുടേതായിരിക്കും എന്ന് അനുമാനിക്കാം. 18,150 –18,250 പോയിന്റ് നിലവാരംവരെ ഉയരാനും നിഫ്റ്റിക്കു കഴിഞ്ഞേക്കാം. ഈ ആഴ്ച വ്യക്തമായ ഗതി തുറന്നുകിട്ടുന്നില്ലെങ്കിൽക്കൂടി പിന്നീടുള്ള വ്യാപാരദിനങ്ങളിൽ മുന്നേറ്റ സാധ്യതയ്ക്കാണു മുൻതൂക്കം. മാസാന്ത്യത്തിനു മുമ്പു നിഫ്റ്റി 18,300 – 18,500 നിലവാരം കീഴടക്കുമെന്നു പ്രതീക്ഷിക്കാം.

Top