ബി.ജെ.പിക്ക് പറ്റിയത് വലിയ അബദ്ധം, നിതീഷ് എതിരിയായാൽ ‘വിയർക്കും’

രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ശക്തമായ കരുനീക്കമാണിപ്പോള്‍ ബീഹാറില്‍ നടന്നിരിക്കുന്നത്. പ്രതിപക്ഷ സര്‍ക്കാറുകളെ അട്ടിമറിച്ചും കേന്ദ്ര ഏജന്‍സികളെ മുന്‍ നിര്‍ത്തി വേട്ടയാടിയും കുതിച്ചു പാഞ്ഞ കാവിപ്പടയുടെ രഥമാണിപ്പോള്‍ ബീഹാറിന്റെ മണ്ണില്‍ തകര്‍ന്നു വീണിരിക്കുന്നത്.

ബി.ജെ.പിയും ജെ.ഡിയുവും നയിച്ച എന്‍.ഡി.എ സര്‍ക്കാറിനു പകരം വിശാലസഖ്യ സര്‍ക്കാറാണ് ബീഹാറില്‍ അധികാരത്തിലേറിയിരിക്കുന്നത്. ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍  ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസ്സും ഈ സര്‍ക്കാറില്‍ പങ്കാളിയാണ്. ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയും പുതിയ സര്‍ക്കാറിനുണ്ട്. ബി.ജെ.പിക്ക് ബദല്‍ ഏത് സംവിധാനമായാലും പിന്തുണയ്ക്കുക എന്നതാണ് ഇടതുപക്ഷ നയം അത് അവര്‍ക്ക് ശക്തിയുള്ള ബീഹാറിലും പിന്തുടര്‍ന്നു എന്നു മാത്രം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍  എന്‍.ഡി.എ സഖ്യം അധികാരത്തില്‍ വന്നശേഷം  അധികം താമസിയാതെ തന്നെ ജെ.ഡി.യുവും ബി.ജെ.പിയും തമ്മിലുള്ള ഭിന്നതയും പ്രകടമായിരുന്നു. ഈ ഉടക്കാണ് ഒടുവില്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ജെ.ഡി.യുവിനെ തഴയുന്നതില്‍ കലാശിച്ചിരുന്നത്. കേന്ദ്ര മന്ത്രി പദവുമായി ബന്ധപ്പെട്ട നിതീഷ് കുമാറിന്റെ ആവശ്യം മോദി കൂടി തള്ളിയതോടെ  മന്ത്രിസഭയില്‍ ചേരേണ്ടതില്ലന്ന് ജെ.ഡി.യു നേതൃത്വം തീരുമാനിക്കുകയാണ് ഉണ്ടായത്.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഉണ്ടായ തര്‍ക്കത്തിന് സമാനമാണ്  ബീഹാറില്‍ ജെ.ഡി.യു -മായി ബി.ജെ.പിക്ക് ഉണ്ടായിരിക്കുന്ന തര്‍ക്കം. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് എന്‍.ഡി.എയോട് ഗുഡ് ബൈ പറയുന്നതിന് ശിവസേനയെ പ്രേരിപ്പിച്ചിരുന്നത്. പിന്നീട് അവര്‍  എന്‍.സി.പിയുമായും കോണ്‍ഗ്രസ്സുമായും കൂട്ടു ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും  അടുത്തയിടെ  ശിവസേനയെ പിളര്‍ത്തി മഹാസഖ്യ സര്‍ക്കാറിനെ തന്നെ ബി.ജെ.പി വീഴുത്തുകയാണ് ചെയ്തത്. നിലവില്‍ വിമത ശിവസേനയും ബി.ജെ.പിയും ചേര്‍ന്നാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ബീഹാറില്‍ ജെ.ഡിയുവിനെ പിളര്‍ത്തി  വിമത വിഭാഗത്തെ കൂട്ട് പിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമം. ജെഡിയുവില്‍ നിന്നും രാജിവച്ച  മുന്‍ കേന്ദ്രമന്ത്രി ആര്‍സിപി സിംഗ് വഴിയായിരുന്നു ഈ നീക്കം. ഇതു സംബന്ധമായി കൃത്യമായ സൂചന കിട്ടിയതോടെയാണ് നിതീഷ് കുമാറിന്റെ ‘ബദല്‍’ നീക്കങ്ങള്‍ക്കും വേഗത കൂടിയിരുന്നത്. ബി.ജെ.പിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും  ചിന്തിക്കാന്‍ അവസരം കൊടുക്കുന്നതിനു മുന്‍പ് തന്നെ  ബദല്‍ സര്‍ക്കാര്‍ പ്രഖ്യാപനമാണ് നിതീഷ് കുമാര്‍ നടത്തിയിരിക്കുന്നത്. ഇതോടെയാണ്, സര്‍ക്കാറുണ്ടാക്കാന്‍ നിതീഷിനെ തന്നെ വിളിക്കാന്‍ ഗവര്‍ണ്ണറും നിര്‍ബന്ധിതനായിരുന്നത്. 40 ലോകസഭ സീറ്റുകള്‍ ഉള്ള സംസ്ഥാനമാണ് ബീഹാര്‍. കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഈ എണ്ണവും നിര്‍ണ്ണായകമാണ്. നിതീഷ് കൂടി പ്രതിപക്ഷ ചേരിയില്‍ എത്തിയത് പ്രതിപക്ഷ നേതാക്കളുടെ ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മൂന്നാം ഊഴം ഉറപ്പിച്ച് മുന്നോട്ട് പോകുന്ന നരേന്ദ്ര മോദിക്ക് അപ്രതീക്ഷിത ‘എതിരി’യാണ് നിതീഷ് കുമാര്‍.


രാഹുല്‍ ഗാന്ധിയെയും സോണിയയെയും കുരുക്കിലാക്കി കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കിയ ബി.ജെ.പി പാളയത്തില്‍ നിന്നു തന്നെയാണ് പുതിയ ശത്രുവും ഉദയം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും  നിതീഷിന്റെ കടന്നുവരവ് വെല്ലുവിളിയായിരിക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനേക്കാളും പ്രിയങ്കയേക്കാളും  പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുക നിതീഷിന്റെ പേരിനാകും. അതിന്റെ സൂചന ഇപ്പോള്‍ തന്നെ പുറത്തു വന്നു കഴിത്തിട്ടുമുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാഥവാണ് നിതീഷ് കുമാറിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നത്. പുതിയ ബീഹാര്‍ മോഡല്‍ രാജ്യമാകെ വ്യാപിക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. 80 ലോകസഭ അംഗങ്ങളുള്ള യു.പിയില്‍ വലിയ രാഷ്ട്രീയ ശക്തിയാണ് സമാജ് വാദി പാര്‍ട്ടി. ഭരണം കിട്ടിയില്ലങ്കിലും  സീറ്റുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച് നേട്ടം കൊയ്യാന്‍  ഇത്തവണ സമാജ് വാദി പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍  80-ല്‍ 30 സീറ്റെങ്കിലും നേടുമെന്ന വാശിയിലാണ് അഖിലേഷ് യാഥവ് മുന്നോട്ട് പോകുന്നത്. അഖിലേഷ് ആയാലും തേജസ്വി ആയാലും പ്രധാനമന്ത്രി പദ മോഹമില്ലാത്തവരാണ്. അതു കൊണ്ടു തന്നെ, ഇവരുടെ പിന്തുണ നിതീഷ് കുമാറിനെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിയാല്‍  മുഖ്യമന്ത്രിയാകാമെന്നതിനാല്‍ തേജസ്വിക്ക് നിതീഷിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ‘പ്രത്യേക’ താല്‍പ്പര്യവുമുണ്ട്.

ഇടതുപക്ഷത്തിന്റെ പിന്തുണകൂടി ലഭിക്കുന്നതോടെ നിതീഷിന് തന്നെയാണ് പ്രതിപക്ഷ ചേരിയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത വര്‍ദ്ധിക്കുക. ഇതിനു പുറമെ, ഡി.എം.കെ, ബിജു ജനതാദള്‍, ടി.ആര്‍.എസ് പാര്‍ട്ടികളുടെ പിന്തുണയും നിതീഷ് കുമാറിനു ലഭിച്ചേക്കും. പ്രധാനമന്ത്രി പദമോഹം ഉണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും പ്രതിപക്ഷ പാര്‍ട്ടികളില്‍ സ്വാധീനം വളരെ കുറവാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കും നിതീഷിനെ പിന്തുണയ്ക്കണ്ട സാഹചര്യമാണ് ഉണ്ടാകുക. അതോടെ, കോണ്‍ഗ്രസ്സും നിതീഷിനെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടും.

എട്ടു തവണ ബിഹാര്‍ മുഖ്യമന്ത്രിയായതിന്റെ അനുഭവമാണ് നിതീഷിനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം.രണ്ടു പതിറ്റാണ്ടിലേറെയായി ബിഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അധികാര കേന്ദ്രവും നിതീഷ് കുമാര്‍ തന്നെയാണ്. ബി.ജെ.പി മുന്നണിയില്‍ മുഖ്യമന്ത്രി ആയിട്ടുണ്ടെങ്കിലും നിതീഷിനെതിരെ ഇതുവരെ ഒരു അഴിമതി ആരോപണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പ്രവര്‍ത്തന ശൈലിയാണ് നിതീഷിനെ ജനപ്രിയനാക്കി മാറ്റിയിരുന്നത്. ഗ്രാമങ്ങളില്‍ വൈദ്യുതി വിദ്യാഭ്യാസം ആരോഗ്യമേഖലയിലെ വികസനം എന്നിവയിലൂടെ ബീഹാറിനെ അദ്ദേഹം മുന്നോട്ടു നയിച്ചു. 2016-ല്‍, സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയതും  വിപ്ലവകരമായ തീരുമാനമായിരുന്നു. ക്രിമിനലുകളുടെ വിളനിലമായ ബീഹാറില്‍ ഒരു പരിധിവരെ അവ അമര്‍ച്ച ചെയ്യാനും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിതീഷിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. ഭരണതലത്തില്‍ സ്ത്രീ ശാക്തീകരണം നടപ്പിലാക്കിയതും  നിതീഷിന്റെ ഭരണ കാലത്താണ്. മോദിക്ക് പകരമായി നിതീഷിനെ ഉയര്‍ത്തി കാട്ടുന്നവര്‍  പ്രധാനമായും ചൂണ്ടിക്കാട്ടുന്നതും ഈ നേട്ടങ്ങളൊക്കെയാണ്.ശക്തനായ മോദിയെ ചെറുക്കാന്‍, തന്ത്രശാലിയായ നീതീഷ് തന്നെ മതിയെന്ന നിലപാട്  ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളിലും വ്യാപകമാണ്.

2013ല്‍, നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചപ്പോള്‍ സഖ്യത്തിലുണ്ടായിരുന്ന നിതീഷ് കുമാര്‍ മാത്രമാണ് ആ തീരുമാനത്തെ എതിര്‍ത്തിരുന്നത്. തുടര്‍ന്ന്, 2015-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍  ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ചാണ്  നിതീഷ് കുമാര്‍ അധികാരം പിടിച്ചിരുന്നത്. എന്നാല്‍ പിന്നീട്, 2017ല്‍ – തേജസ്വി യാദവിനെതിരെ അഴിമതി ആരോപിച്ച് അദ്ദേഹം സഖ്യം വിടുകയാണ് ഉണ്ടായത്. 2020-ല്‍ എന്‍.ഡി.എ സഖ്യത്തില്‍ മത്സരിച്ച ജെ.ഡി.യുവിന്  മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും ആ നീക്കം പാളുകയാണ് ഉണ്ടായത്. നിതീഷിനെ തന്നെ അവര്‍ക്ക് മുഖ്യമന്ത്രിയായി അംഗീകരിക്കേണ്ടിയും വന്നു. എന്‍.ഡി.എ മുന്നണിയില്‍ തുടര്‍ന്നപ്പോഴും മോദിയുമായി കൃത്യമായ അകലം പാലിച്ച മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍.

‘പണ്ട്… തന്നെ, പ്രധാനമന്ത്രിയായി വേണ്ടന്ന് പറഞ്ഞ നിതീഷിനോട് മോദിയും ‘കടുപ്പിക്കുകയാണ് ‘ ചെയ്തിരുന്നത്. രണ്ട് കേന്ദ്രമന്ത്രിമാരെ വേണമെന്ന ആവശ്യം തള്ളിയതും പഴയ ‘പക’ മുന്‍നിര്‍ത്തിയാണ്. മോദിയുടെ ഈ അനിഷ്ടമാണ്, ജെ.ഡി.യുവിനെ പിളര്‍ത്തുന്ന ഘട്ടത്തില്‍ വരെ കാര്യങ്ങള്‍ ഒടുവില്‍ എത്തിച്ചിരുന്നത്. എന്നാല്‍, തന്ത്രപരമായ നീക്കത്തിലൂടെ ആ ഭീഷണിയെയും നിതീഷ് കുമാര്‍ ഇപ്പോള്‍ അതിജീവിച്ചിരിക്കുകയാണ്. ഇനി നടക്കാന്‍ പോകുന്നതെല്ലാം പുതിയ ‘കളി’കളാണ്. മൂന്നാം ഊഴം ലക്ഷ്യമിടുന്ന മോദിക്കു എതിരെ ‘പട’ നയിക്കാന്‍ പോകുന്നത് ബീഹാര്‍ മുഖ്യമന്ത്രി ആയിരിക്കും. രാഹുലും പ്രിയങ്കയും ഒക്കെ  ആ ‘രഥത്തിനു’ പിന്നിലാണ് അണിനിരക്കേണ്ടി വരിക.ഗാന്ധി കുടുംബത്തെ സംബന്ധിച്ച് ഇതും ഒരു ഗതികേടു തന്നെയാണ്.

അതേസമയം, മോദിക്കെതിരെ ആരാണ് ‘എതിരി’ എന്ന് പരിഹസിക്കുന്ന ബി.ജെ.പി നേതാക്കളും ബീഹാറിലെ സംഭവ വികാസങ്ങളോടെ  നിലവില്‍ വലിയ ആശങ്കയിലാണുള്ളത്. പണി ‘പാളിയോ ‘ എന്ന സംശയം അമിത് ഷാക്ക് മാത്രമല്ല, മോദിയിലും പ്രകടമാണ്. പ്രതിപക്ഷത്തെ സംബന്ധിച്ചാണെങ്കില്‍ നഷ്ടമായിരുന്ന ആത്മവിശ്വാസമാണ് വലിയ രൂപത്തിലിപ്പോള്‍, ബീഹാറിലൂടെ അവര്‍ക്ക് തിരികെ ലഭിച്ചിരിക്കുന്നത്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.


EXPRESS KERALA VIEW

Top