ഡൊമിനോസ് ഇന്ത്യയില്‍ നിന്നും വന്‍ ഡാറ്റ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

നപ്രിയ പിസ്സ ഔട്ട്‌ലെറ്റ് ഡൊമിനോസ്സിന്റെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്നു സൂചന. ഇസ്രായേലി സൈബര്‍ ക്രൈം ഇന്റെലിജന്‍സിന്റെ സഹസ്ഥാപകനായ അലോണ്‍ ഗാല്‍ പറയുന്നതനുസരിച്ച്, ഡൊമിനോസ്സിന്റെ ഇന്ത്യ 13 ടിബി ഇന്റേണല്‍ ഡാറ്റയിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയും അവിടെ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് നിരത്തുകയും ചെയ്തുവത്രെ. അതില്‍ ഐടി, ലീഗല്‍, ഫിനാന്‍സ്,മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് മുതലായ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു.

ഇത് ഏകദേശം പത്തുലക്ഷത്തോളം വരുമെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ ഡൊമിനോസ് പിസ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഉപയോക്തൃ ഡാറ്റയില്‍ യാതൊരു വിട്ടുവീഴ്ചയും നടന്നിട്ടില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും ഇതു സംബന്ധിച്ച് ഡൊമിനോസ് ഇന്ത്യ പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ആക്‌സസ് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല സംഭവം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടുമില്ല.

ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദഗ്ദ്ധരുടെ സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Top