ക്രെഡിറ്റ് കാർഡുകളിലെ ആനുകൂല്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു…

വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഫീച്ചറുകളിലും ചാർജുകളിലും ഉടൻ തന്നെ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നു. ഐസിഐസിഐ ബാങ്കിൽ നിന്നുള്ള തിരഞ്ഞെടുത്ത 21 ക്രെഡിറ്റ് കാർഡുകളിലെ മാറ്റങ്ങളാണിതില്‍ പ്രധാനം.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എസ്‌ബിഐ കാർഡ് തുടങ്ങിയ ബാങ്കുകളും ക്രെഡിറ്റ് കാർഡുകളിൽ മാറ്റം വരുത്തുന്നുണ്ട്. ഇന്ത്യയ്ക്കുള്ളിലെ എയർപോർട്ട് ലോഞ്ച് ആക്‌സസ് പല ക്രെഡിറ്റ് കാർഡുകളും വെട്ടികുറച്ചിട്ടുണ്ട്. എയർപോർട്ട് ലോഞ്ച് പ്രവേശനത്തിന് അർഹതയുള്ള ചില ക്രെഡിറ്റ് കാർഡുകളിൽ തന്നെ മിനിമം ചെലവ് നിബന്ധനകളും കൊണ്ടുവന്നിട്ടുണ്ട്.

എയർപോർട്ട് ലോഞ്ച്

ഏപ്രിൽ 1 മുതൽ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾ മുൻ കലണ്ടർ പാദത്തിൽ 35,000 രൂപ ചെലവഴിച്ചെങ്കിൽ മാത്രമേ കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ് ലഭിക്കുകയുള്ളൂ . മുൻ കലണ്ടർ പാദത്തിൽ നടത്തിയ ചെലവിനനുസരിച്ച് , തുടർന്നുള്ള കലണ്ടർ പാദത്തിലേക്കുള്ള എയർ പോർട്ട് ലോഞ്ച് സൗകര്യങ്ങൾ കൊടുക്കും എന്നാണ് ഇതിനർത്ഥം. ഉദാഹരണത്തിന്, 2024 ഏപ്രിൽ-ജൂൺ പാദത്തിൽ കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനത്തിന് യോഗ്യത നേടുന്നതിന്, 2023 ജനുവരി-മാർച്ച് പാദത്തിലും തുടർന്നുള്ള പാദങ്ങളിലും നിങ്ങൾ കുറഞ്ഞത് 35,000 രൂപ ചെലവഴിക്കേണ്ടതുണ്ട്. നിലവിൽ, നിങ്ങൾ ഒരു ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡോ ഐസിഐസിഐ ബാങ്ക് എക്‌സ്‌പ്രഷൻസ് ക്രെഡിറ്റ് കാർഡോ ആണ് ഉപയോഗിക്കുന്നതെങ്കിൽ കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനത്തിന് അർഹത നേടുന്നതിന് നിങ്ങൾക്ക് ഒരു പാദത്തിൽ കുറഞ്ഞത് 5,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കേണ്ടതുണ്ട്.

ആജീവനാന്ത സൗജന്യ കാർഡുകളോ മിഡ് റേഞ്ച് കാർഡുകളോ സ്വന്തമാക്കുന്ന ഒരു വിഭാഗം കാർഡ് ഹോൾഡർമാരുണ്ട്. അവർ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഒന്നും നടത്താതെ ഈ കാർഡുകൾ നൽകുന്ന എയർപോർട്ട് ലോഞ്ച് സൗകര്യങ്ങൾ എപ്പോഴും ഉപയോഗിക്കുന്നു എന്നുള്ളതാണ് മിനിമം തുക ചെലവഴിക്കണം എന്ന മാനദണ്ഡം കൊണ്ടുവരാൻ കാരണം. ഹോട്ടലുകളുടെയും എയർലൈനുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും റിവാർഡ് പ്രോഗ്രാമുകൾ എല്ലാം ഉപയോഗിക്കുകയും എന്നാൽ ക്രെഡിറ്റ് കാർഡ് വഴി ചെലവ് അധികം നടത്താത്ത ഉപഭോക്താക്കൾ ബാങ്കുകൾക്ക് ബാധ്യതയാണ്.

അത്തരം ഉപഭോക്താക്കൾ കുറവ് ചെലവ് ചെയ്താലും ബാങ്കുകൾക്ക് അവരുടെ കാർഡുകൾ റദ്ദാക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് മിനിമം ചെലവ് ചെയ്യുന്നവർക്കേ ഇനി ലോഞ്ച് സന്ദർശനങ്ങൾ പോലുള്ള സൗകര്യങ്ങൾ തരികയുള്ളൂ എന്ന രീതിയിലേക്ക് ബാങ്കുകൾ മാറിയത്.

Top