തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ച് പേർ പൊലീസ് പിടിയിൽ

തൃശ്ശൂര്‍: കൊരട്ടി ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. 200 കിലോ കഞ്ചാവുമായി അഞ്ച് പേരെ പൊലീസ് പിടികൂടി. ലാലൂര്‍ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂര്‍ സ്വദേശി മനീഷ്, തമിഴ്‌നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായത്.

കാറിലും ലോറിയിലുമായാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊരട്ടി പൊലീസ് ദേശീയപാതയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് സംഘം വലയിലായത്.

കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനായി വിശാഖപട്ടണത്തു നിന്ന് തമിഴ്‌നാട് വഴിയാണ് ഇവര്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കും.

 

Top