മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സ് അക്കൗണ്ടിലെ പോസ്റ്റും തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കൂടുതല്‍ പ്രമുഖര്‍ രംഗത്ത്. ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ട് ബിഗ് ബി അമിതാഭ് ബച്ചന്‍ എത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഈ വിഷയത്തില്‍ ബച്ചന്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത്. എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി മാറ്റാന്‍ ഇന്ത്യക്കറിയാമെന്നാണ് സെവാഗ് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞത്. മാലദ്വീപ് മന്ത്രിമാര്‍ നമ്മുടെ രാജ്യത്തിനും നമ്മുടെ പ്രധാനമന്ത്രിക്കും നേരെ നടത്തിയ ഈ കുത്തല്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നവിധത്തില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിനോദസഞ്ചാരമേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള മഹത്തായ അവസരം ആണ്. അധികമാരാലും പര്യവേക്ഷണം ചെയ്യപ്പെടാത്ത നിങ്ങളുടെ ഇഷ്ടസ്ഥലത്തിന്റെ പേര് പറയൂ എന്നും അദ്ദേഹം കുറിച്ചു.
ഇത് വളരെ പ്രസക്തവും നമ്മുടെ നാടിന്റെ ശരിയായ മനോഭാവവുമാണ് എന്നാണ് സെവാഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചത്. ഞാന്‍ ലക്ഷദ്വീപിലും ആന്‍ഡമാനിലും പോയിട്ടുണ്ട്. അതിശയിപ്പിക്കുന്ന മനോഹരമായ ലൊക്കേഷനുകള്‍… അതിമനോഹരമായ കടല്‍ത്തീരങ്ങളും വെള്ളത്തിനടിയിലുള്ള അനുഭവവും അവിശ്വസനീയമെന്നേ പറയേണ്ടൂ. നമ്മുടെ സ്വാശ്രയത്വം ചോദ്യം ചെയ്യപ്പെടരുത്. ബച്ചന്‍ കുറിച്ചു. അബ്ദുല്ല മഹ്‌സൂം മാജിദിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വിവാദമായതിനേത്തുടര്‍ന്ന് മാലദ്വീപിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ബോളിവുഡ് താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. നടന്മാരായ അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, വരുണ്‍ ധവാന്‍, ശ്രദ്ധാ കപൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍, വെങ്കടേഷ് പ്രസാദ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനുപകരം ഇന്ത്യന്‍ ദ്വീപുകള്‍ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തത്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വന്‍തോതിലുള്ള തര്‍ക്കങ്ങളും സമൂഹ മാധ്യമങ്ങളില്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാലദ്വീപ് മന്ത്രിയുടെ പ്രതികരണവും. മാലദ്വീപില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു.