ബിധുരിയുടെ പുതിയ ചുമതല വിദ്വേഷത്തിനുള്ള ബിജെപിയുടെ പാരിതോഷികം; വിമര്‍ശിച്ച് പ്രതിപക്ഷം

ഡല്‍ഹി: ലോക്‌സഭയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി അംഗം രമേഷ് ബിധുരിക്ക് പുതിയ ചുമതല നല്‍കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ബിധുരിക്ക് നല്‍കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. വെറുപ്പിനുള്ള പാരിതോഷികമാണ് ബിധുരിക്ക് ലഭിച്ചതെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍.

ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ബിധുരി മാപ്പ് പറയണമെന്നും അംഗത്തിനെതിരെ നടപടിയെടുക്കണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ബിധുരിക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് പുതിയ ചുമതല നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

വിദ്വേഷത്തിനുള്ള ബിജെപിയുടെ പാരിതോഷികം. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവാച്യമായ വാക്കുകള്‍ക്ക് കൊണ്ട് ഡാനിഷ് അലിയെ ആക്രമിച്ചതിനാണ് ഈ പ്രതിഫലം. രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് ബിജെപി അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. ടോങ്കിലെ മുസ്ലീം ജനസംഖ്യ 29.25 ശതമാനമാണ്’-രാജ്യസഭാ എംപി കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, ടിഎംസി എംപി മഹുവ മൊയ്ത്ര എന്നവരും വിമര്‍ശനവുമായി രംഗത്തെത്തി.

Top