bidhu krishna and shanimol usman boycott kpcc meeting

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും കെപിസിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

തോല്‍വി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. തോല്‍വിയുടെ കാരണക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശശി തരൂര്‍ സോണിയഗാന്ധിയെ കണ്ടിരുന്നു.

ചാത്തന്നൂര്‍ മണ്ഡലത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കുകയും കോലം കത്തിക്കുകയും ചെയ്തതിനെ കുറിച്ച് സംസാരിക്കുന്നതിനിടെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേര്‍ന്ന ഡിസിസി യോഗത്തിലാണ് ബിന്ദു കൃഷ്ണ കരഞ്ഞത്. ശൂരനാട് രാജശേഖരന്റെ തോല്‍വിയെ തുടര്‍ന്ന് ബിന്ദു കൃഷ്ണക്കെതിരെ കോലം കത്തിക്കല്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഡിസിസി യോഗത്തിലും ഒരു വിഭാഗം ബിന്ദു കൃഷ്ണക്കെതിരെ സംസാരിച്ചു.

സംസാരിച്ചു തുടങ്ങിയപ്പോള്‍ വിങ്ങിപ്പൊട്ടിയ ബിന്ദുവിനെ നേതാക്കള്‍ ആശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് ബിന്ദു കൃഷ്ണക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കി.

ശൂരനാട് രാജശേഖരനെതിരെ താന്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും താന്‍ മത്സരിച്ചപ്പോള്‍ തന്റെ ബൂത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് കോണ്‍ഗ്രസിനായിരുന്നുവെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
ഇപ്പോള്‍ തന്റെ ബൂത്തില്‍ ശൂരനാട് രാജശേഖരന്‍ രണ്ടാം സ്ഥാനത്തായി. അദ്ദേഹത്തിന്റെ ബന്ധുക്കളും സമുദായ അംഗങ്ങളും കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ബിഡിജെഎസ് ബിജെപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് ഒന്നാം സ്ഥാനത്ത്. തന്നെ വിമര്‍ശിക്കുന്നവര്‍ ഇതിനെല്ലാം മറുപടി നല്‍കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Top