ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിന് ബൈഡന്‍ ഇടപെടണം; ജൂത പ്രതിഷേധക്കാര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡണ്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസ് ഗേറ്റുകള്‍ ഉപരോധിച്ച ജൂത പ്രതിഷേധക്കാര്‍. വൈറ്റ് ഹൗസ് ഗേറ്റുകള്‍ ഉപരോധിച്ച ജൂത പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.അനധികൃതമായി പ്രവേശിച്ചതിനും ഗേറ്റുകള്‍ ഉപരോധിച്ചതിനുമാണ് 30ലധികം പേരെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

‘ജൂയിഷ് വോയിസ് ഫോര്‍ പീസ്’, ‘ഈഫ് നോട്ട് നൗ’ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജൂത ഗാനങ്ങള്‍ ആലപിച്ചും യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധം അരങ്ങേറിയത്. ഗാസയില്‍ കൂടുതല്‍ ശക്തമായ ആക്രമണത്തിന് ഇസ്രായേല്‍ തയാറെടുക്കുന്നെന്നും ബൈഡന്‍ ബുധനാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതിഷേധം. 1500ലധികം വരുന്ന പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന്റെ നാല് ഗേറ്റുകള്‍ ഉപരോധിച്ചു.

സംഘര്‍ഷത്തില്‍ ബൈഡന്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇതുവരെ 1400 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 2700ലധികം ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top