സൈനിക നീക്കം പ്രകോപനമില്ലാതെ, നാറ്റോയെ വിഭജിക്കാനുളള പുടിന്റെ ശ്രമവും പരാജയപ്പെട്ടെന്ന് ബൈഡന്‍

യുക്രൈനെതിരേയുളള നീക്കത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധത്തിനെതിരെ നാറ്റോയും സഖ്യ രാജ്യങ്ങളും പ്രതികരിക്കില്ലെന്ന് പുടിന്‍ കരുതി. എന്നാല്‍ പുടിന് തെറ്റു പറ്റി. അമേരിക്ക യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ സ്‌റ്റേറ്റ് ഓഫ് ദ യൂണിയനെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തിലാണ് വ്‌ളാദമിര്‍ പുടിനെ വിമര്‍ശിച്ചത്. ബൈഡന്റെ ആദ്യ സ്‌റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗമായിരുന്നു ഇന്ന് നടന്നത്.

യുക്രൈനെതിരെ പുടിന്‍ നയതന്ത്ര നീക്കങ്ങള്‍ തളളിക്കളയുകയാണ് ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതേയും ആസൂത്രിതവുമായാണ് റഷ്യ യുക്രൈനെ ആക്രമിച്ചതെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

‘സ്വേച്ഛാധിപതികള്‍ അവരുടെ ആക്രമണങ്ങള്‍ക്ക് ഒരിക്കലും പിഴ അടക്കാറില്ല അവര്‍ ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. റഷ്യയുടെ നുണകളെ സത്യം കൊണ്ടാണ് നേരിടുന്നത്. നാറ്റോ സഖ്യത്തെ വിഭജിക്കാനുളള വ്‌ളാദമിര്‍ പുടിന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നും’ ബൈഡന്‍ വിമര്‍ശിച്ചു.

അമേരിക്കന്‍ പാര്‍ലമെന്റിലെ ആദ്യ അഭിസംബോധനയില്‍ ജോ ബൈഡന്‍ യൂറോപ്യന്‍ യൂണിയന്റെ പ്രാധാന്യത്തെക്കുറിച്ചും പരമാര്‍ശിച്ചു. സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിന് വേണ്ടി രണ്ടാം ലോക യുദ്ധത്തിന് ശേഷം നിലവില്‍ വന്നതാണ് യൂറോപ്യന്‍ യൂണിയന്‍. അതിന് ഇപ്പോള്‍ പ്രസക്തിയുണ്ടെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനുളള സാമ്പത്തിക സഹായം തുടരും റഷ്യയുടെ സൈനിക നീക്കത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Top