പ്രതീക്ഷയോടെ അധികാരമേറ്റ് ബൈഡൻ

വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ജോസഫ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യം തിരികെ വന്ന ദിവസമാണിതെന്നും, തീവ്രവാദത്തെയും വംശീയതയെയും, അക്രമത്തെയും കൊവിഡെന്ന മഹാമാരിയെയും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് തോൽപ്പിക്കുമെന്നും ജോ ബൈഡൻ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യപ്രസംഗത്തിൽ പറഞ്ഞു. ഐക്യം എന്ന വാക്കാണ് ഏറ്റവും കൂടുതൽ തവണ ജോ ബൈഡൻ ആവർത്തിച്ച് തന്‍റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞ വാക്ക്.

പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്ത ശേഷം തനിക്ക് ആദ്യമായി രാജ്യത്തോട് ആവശ്യപ്പെടാനുള്ളത് കൊവിഡിൽ ജീവൻ പൊലിഞ്ഞ നാല് ലക്ഷത്തോളം അമേരിക്കൻ പൗരൻമാർക്കായി ഒരു നിമിഷം മൗനമാചരിക്കുക എന്നതാകും എന്നും ബൈഡൻ പറഞ്ഞു. കനത്ത സുരക്ഷയിലാണ് ക്യാപിറ്റോൾ ഹില്ലിൽ സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് പോലും അക്രമത്തിന് സാധ്യതയെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയായിരുന്നു.

എണ്ണാവുന്ന ആളുകൾ മാത്രമേ ചടങ്ങിനെത്തിയിരുന്നു.ഇത് ജനാധിപത്യത്തിന്‍റെ ദിവസമാണെന്നാണ് ജോ ബൈഡൻ തന്‍റെ ആദ്യപ്രസംഗത്തിൽ പറഞ്ഞു. അമേരിക്ക പരീക്ഷിക്കപ്പെട്ട കാലത്തിന് ശേഷം നടക്കുന്ന ജനാധിപത്യത്തിന്‍റെ ആഘോഷമാണ്. ഒരു സ്ഥാനാർത്ഥി ജയിച്ചതിന്‍റെ ആഘോഷം മാത്രമല്ല ഇത്. ഇവിടെ ജയിച്ചത് ജനാധിപത്യമാണ്. യുദ്ധവും സമാധാനവും കടന്നുവന്നവരാണ് നമ്മൾ. നമുക്കൊരുപാട് കാര്യങ്ങൾ പുനർനിർമിക്കാനുണ്ട്. തിരുത്താനുണ്ട്. നേരെയാക്കാനുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം, നീതിക്ക് വേണ്ടിയുള്ള നിലവിളി ഇനിയും നീളില്ല. തീവ്രവാദം, വംശീയത എന്നിവയയെല്ലാം നമ്മൾ നേരിടും, പോരാടും, തോൽപിക്കും. എന്നും അദ്ദേഹം പറഞ്ഞു.

Top