യുഎസിലെ ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടാനൊരുങ്ങി ജോ ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രശസ്തമായ ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് ജോ ബൈഡന്‍ ഭരണകൂടം. നിലവിലെ ഭരണത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കുപ്രസിദ്ധ ജയില്‍ അടച്ചുപൂട്ടുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്. വൈറ്റ് ഹൗസിലെ പതിവ് വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കി ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുന്ന കാര്യത്തോട് പ്രതികരിച്ചത്. ബൈഡന്‍ സര്‍ക്കാറിന്റെ ലക്ഷ്യം ഗ്വാണ്ടനമോ തടവറ അടച്ചു പൂട്ടുക എന്നതാണെന്ന് പ്രസ് സെക്രട്ടറി അറിയിച്ചു.

2016ല്‍ അധികാരത്തിലേറിയ ട്രംപ് ഭരണകൂടം ഗ്വാണ്ടനമോ തടവറ അത് പോലെ നിലനിര്‍ത്തുമെന്ന് അറിയിച്ചിരുന്നു. ഒബാമ തീരുമാനിച്ച ചില തടവുകാരുടെ മോചനം ഉള്‍പ്പെടെ ട്രംപ് അന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ നയം മാറ്റാനൊരുങ്ങുന്നത്.

അടുത്ത് തന്നെ ഇതിനുള്ള ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെക്കുമെന്ന സൂചനയുണ്ടായിരുന്നു. നേരത്തെ ഒബാമ ഭരണകൂടം ഗ്വാണ്ടനമോ തടവറ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. കൊടും കുറ്റവാളികളെയാണ് ഇവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

2001 സെപ്തംബര്‍ 11 അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക നടത്തിയ ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പിടികൂടിയവരെ ഉള്‍പ്പടെ താമസിപ്പിച്ചിരിക്കുന്നത് ഗ്വാണ്ടനമോ തടവറയിലാണ്. ഇവിടെ വലിയതോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നു എന്ന വാര്‍ത്ത അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ പലതവണ പുറത്തുവിട്ടിട്ടുണ്ട്.

Top