ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കും: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.

എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് സേനാ തലവന്റെ പരാമര്‍ശം റിപ്പോര്‍ട്ട് ചെയ്തത്.

മിന്നലാക്രമണങ്ങള്‍ നാം നല്‍കിയ ഒരു സന്ദേശമായിരുന്നു. ആവശ്യമെങ്കില്‍, എതിരാളികള്‍ മര്യാദ കാട്ടിയില്ലെങ്കില്‍ നാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും. ഇത്(മിന്നലാക്രമണം) ചെയ്യാന്‍ മറ്റു മാര്‍ഗങ്ങളുണ്ട്. മുന്പ് സ്വീകരിച്ച മാര്‍ഗം മാത്രമായിരിക്കില്ല സൈന്യം സ്വീകരിക്കുക- ബിപിന്‍ റാവത്ത് പാക്കിസ്ഥാനു നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു.

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഭീകര ക്യാന്പുകളില്‍നിന്നു ഭീകരര്‍ വരുന്നുണ്ടെന്നും അതിര്‍ത്തിക്കു രണ്ടര അടി അപ്പുറത്തുവച്ചു നുഴഞ്ഞുകയറ്റക്കാരെ നേരിടാന്‍ സൈന്യം പ്രാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ സംഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ സൈന്യം ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖ മറികടന്നു നടത്തിയ മിന്നലാക്രമണത്തില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണു സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനുശേഷം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്.

Top