ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധാനത്തിലേയ്ക്ക്

മര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധാന സംരംഭത്തിലേയേക്ക്. അടുത്തതായി ബിബിനും വിഷ്ണുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമയാണ് ഇരുവരും ഒരുമിച്ച് സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്‍കിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍…! ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്’ വിഷ്ണു ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

‘ഞങ്ങള്‍ ആദ്യമായി എഴുതിയ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍- നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ – ആല്‍വിന്‍ ആന്റണി ചേട്ടന്‍, ഡോ.സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ജോസഫ് ചേട്ടന്‍ മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ്’ അനുഗ്രഹിക്കണമെന്ന് വിഷ്ണു പറയുന്നു.

Top