വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു.

2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാർത്ഥകാരണം അന്വേഷിക്കാത്ത പോലീസ്, ഭീഷണിക്കും സമർദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. അക്രമികൾക്കും കൊലപാതികൾക്കും അഭയകേന്ദ്രം ഒരുക്കുന്ന പ്രസ്ഥാനമായി സിപിഐഎം മാറിയെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന് സിപിഐഎം അംഗത്വം നൽകിയതും പരോളിലിറങ്ങിയ മറ്റൊരു കൊലക്കേസ് പ്രതിയെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയതും ഉദാഹരണങ്ങളാണ്. തട്ടിപ്പുക്കാർക്കും സ്ത്രീ പീഡകർക്കും കൊലപാതികൾക്കും സംരക്ഷണം നൽകുന്ന നിലയിലേക്ക് സിപിഎം നേതൃത്വം അധംപതിച്ചു. ബോംബ് നിർമ്മാണം കുടിൽ വ്യവസായം പോലെ കൊണ്ടു നടക്കുന്ന സിപിഐഎം ആളെ കൊല്ലുന്ന പാർട്ടിയായി മാറിയെന്നും സുധാകരൻ ആഞ്ഞടിച്ചു.

സിപിഐഎം നേതാവും എംഎൽഎയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പറയുന്നത്.

Top