സമസ്ത മേഖലകളിലും ഭൂപേഷ് ഭാഗേല്‍ സര്‍ക്കാര്‍ അഴിമതി നടത്തി; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റായ്പൂര്‍: ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചരണം ശക്തമാക്കി ബി ജെ പി. കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാനായുള്ള പരിശ്രമത്തിലാണ് ബി ജെ പി. സംസ്ഥാന നേതാക്കള്‍ക്കൊപ്പം ദേശീയ നേതാക്കളും സംസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ക്ക് നിറസാന്നിധ്യമായി മാറുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ ബി ജെ പി പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപത്രവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കി.

സമസ്ത മേഖലകളിലും ഭൂപേഷ് ഭാഗേല്‍ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് അമിത് ഷായുടെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ അഞ്ച് വര്‍ഷം ഗാന്ധി കുടുംബത്തിന്റെ എ ടി എം ആയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. പാവപ്പെട്ടവരുടെ പണം ഭാഗേല്‍ കൊള്ളയടിച്ചുവെന്നും ഷാ പറഞ്ഞു. ആദിവാസി വിഭാഗക്കാരുടെ സുരക്ഷ വാഗ്ദാനം ചെയ്ത ഭാഗേല്‍ സര്‍ക്കാരിന്റെ സമയത്ത് നടന്നത് വ്യാപക മതമാറ്റമെന്നും റായ്പൂരിലെ പൊതുസമ്മേളനത്തില്‍ അമിത് ഷാ ആരോപിച്ചു.

ഛത്തീസ്ഗഡില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷാ പ്രതീക്ഷ പങ്കുവച്ചു. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നല്‍കി ഛത്തീസ്ഗഡില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു. എന്നാല്‍ ബി ജെ പി അങ്ങനെ ജനങ്ങളെ പറ്റിക്കില്ല. ബി ജെ പി അധികാരത്തില്‍ വന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഛത്തീസ്ഗഡിലെ എല്ലാ ഗ്രാമങ്ങളിലും കുടിവെള്‌ലമെത്തിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.

Top