ആ മാന്ത്രിക ബോളിന് പിന്നിലുള്ള ബുദ്ധി എന്റേതല്ല; വെളിപ്പെടുത്തലുമായി ബുംറ

മെല്‍ബണ്‍: ഇന്ത്യ ഓസിസ് പരമ്പരയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരമാണ് ജസ്പ്രീത് ബുംറ. ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ബുംറയുടെ പന്ത് ക്രിക്കറ്റ് ലോകം മുഴുവന്‍ ഏറ്റെടുത്തിരുന്നു. ആ പന്തില്‍ ബുംറ പ്രയോഗിച്ച ബുദ്ധിയെ പ്രശംസിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല അത്രയ്ക്ക് മികച്ചതായിരുന്നു അത്.

പരമ്പരയുടെ മൂന്നാം ദിനത്തിലാണ് ബുംറയുടെ ആ അത്ഭുത പന്ത് പിറന്നത്. കൃത്യമായ വേഗതയില്‍ ബാറ്റ്‌സ്മാന് യാതൊരു വിധ സംശയത്തിനും ഇടനല്‍കാതെ പന്തെറിഞ്ഞു കൊണ്ടിരുന്ന ബുംറ അതുവരെ എറിഞ്ഞ വേഗതയില്‍ മാറ്റം വരുത്തി പെട്ടെന്നെറിഞ്ഞ ഒരു പന്താണ് ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയത്. അതുവരെ എറിഞ്ഞ വേഗതയില്‍ മാറ്റം വരുത്തി താരം നടത്തിയ തന്ത്രത്തിന് മുന്നില്‍ ഷോണ്‍ മാര്‍ഷ് വീണുപോയി. വൈവിധ്യം നിറഞ്ഞ പന്തുകളെ മുഴുവന്‍ സമര്‍ഥമായി നേരിട്ട് മാര്‍ഷ് മികവിലേക്കുയരുന്ന ഘട്ടത്തില്‍ ബുംറയെറിഞ്ഞ സ്ലോബോള്‍ യോര്‍ക്കറാണ് മാര്‍ഷിനെ മടക്കിയത്.

ഇപ്പോളിതാ താന്‍ എറിഞ്ഞ ആ മാന്ത്രിക പന്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബുംറ. മാര്‍ഷിനെതിരെ സ്ലോ ബോളെറിയാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് രോഹിത് ശര്‍മ്മയാണെന്നും, അത് കൊണ്ടു തന്നെ മാര്‍ഷിന്റെ വിക്കറ്റിന് പിന്നിലെ സൂത്രധാരന്‍ അദ്ദേഹമാണെന്നും ബുംറ വ്യക്തമാക്കി. ഈ പിച്ചില്‍ പ്രത്യേകിച്ചൊന്നും നടക്കുന്നില്ലായിരുന്നു. അപ്പോഴാണ് മാര്‍ഷിനെതിരെ ഒരു സ്ലോ ബോള്‍ പരീക്ഷിക്കാന്‍ രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടത്. അത് ഫലപ്രദമായെന്നും ബുംറ പറഞ്ഞു.

Top