ഒഡീഷയില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു

ഭുവനേശ്വര്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഒഡീഷയിലും ആദ്യമായി വൈറസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് ആറിന് ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ രോഗമില്ലെന്ന് കണ്ടെത്തിയതോടെയാണ് പുറത്തുപോകാന്‍ അനുവദിച്ചത്.

ഡല്‍ഹിയില്‍ വിമാനമിറങ്ങി ട്രെയിന്‍ മാര്‍ഗം ഭുവനേശ്വറില്‍ എത്തിയ ഇയാള്‍ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയിലാണ്‌ വീട്ടിലെത്തിയതെന്ന് കണ്ടെത്തി. അതിനെ തുടര്‍ന്ന്‌ ഒഡീഷ ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയെന്ന കാരണത്താല്‍ ഇയാളെ വീട്ടില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിരുന്നു. 14 ദിവസം സ്വയം ഐസൊലേഷനില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിന്നീട് മാര്‍ച്ച് 13-നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കുടംബാംഗങ്ങളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

Top