എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്‍ നല്‍കിയ ആദ്യ നഗരമായി ഭുവനേശ്വര്‍

ഭുവനേശ്വര്‍; എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന രാജ്യത്തെ ആദ്യ നഗരമായി ഭുവനേശ്വര്‍. 18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേര്‍ ബിഎംസിയില്‍ ഉണ്ടായിരുന്നു. അതില്‍ 31000 ആരോഗ്യ പ്രവര്‍ത്തകരും, 33000 മുന്‍നിര പ്രവര്‍ത്തകരും ഉള്‍പ്പെടും. 18 മുതല്‍ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളില്‍ 3, 25000 പേരുമാണ് ഇവിടെയുള്ളത്.

ജൂലായ് 31നുള്ളില്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു. കൂടാതെ, ഒരു ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ തെക്ക് കിഴക്കന്‍ മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍ഷുമാന്‍ റാത്ത് പറഞ്ഞതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ 31നകം മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതുവരെ ലഭ്യമായ കണക്കുകളില്‍ 18,16000 പേര്‍ വാക്‌സീന്‍ സ്വീകരിച്ചു. ചില കാരണങ്ങളാല്‍ കുറച്ചുപേര്‍ക്ക് വക്‌സീന്‍ എടുക്കാന്‍ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളില്‍ നിന്ന് ഭുവനേശ്വറില്‍ ജോലിക്കായി എത്തിയവര്‍ക്കടക്കം വാക്‌സീന്‍ ആദ്യ ഡോസ് നല്‍കി. ഗര്‍ഭിണികളും ആദ്യ ഡോസ് വാക്‌സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്.

ആകെ 55 വാക്‌സീനേഷന്‍ കേന്ദ്രങ്ങളുള്ള നഗരത്തില്‍, മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വലിയ വിജയമാക്കിയ ഭുവേനേശ്വറിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും അന്‍ഷുമാന്‍ റാത്ത് പറഞ്ഞു.

Top