സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലീം അധ്യാപകന്‍; പ്രതിഷേധം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

വാരണസി: മുസ്ലീം അസിസ്റ്റന്റ് പ്രൊഫസറെ സംസ്‌കൃത വിഭാഗത്തില്‍ നിയമിച്ചതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ആരംഭിച്ച പ്രതിഷേധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിക്കുന്നു. സര്‍വ്വകാലാശാല വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 10 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നത്.

അതേസമയം വൈസ് ചാന്‍സലറും ബനാറസ് സര്‍വ്വകാലാശാല സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകനുമായ ഗിരിധര്‍ മാളവ്യയും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അസിസ്റ്റന്റ് പ്രൊഫസര്‍ ഫിറോസ് ഖാന് പ്രതിരോധവുമായി രംഗത്തെത്തി.

സംസ്‌കൃതം വിശാലമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയും വിപുലമാണ്. ഏത് അധ്യാപകനും ഒരു സര്‍വ്വകലാശാലയില്‍ സംസ്‌കൃതം പഠിക്കാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില്‍ സംസ്‌കൃത് വിദ്യാ ധര്‍മ വിജ്ഞാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെ നവംബര്‍ ഏഴിനാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.രാജസ്ഥാന്‍ സ്വദേശിയായ ഖാന്റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്.

അതേസമയം ഫിറോസ് ഖാന് പിന്തുണയുമായും ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.ഫിറോസ് ഖാനെ നിയമിച്ചതിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ അവസാനമാകണമെന്നും അദ്ദേഹത്തിന് എത്രയും വേഗം പഠിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തത്.

സര്‍വകലാശാലയുടെ പ്രധാന കവാടമായ ലങ്കാ ഗേറ്റില്‍ നിന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി എന്ന് എഴുതിയ ബാനറിന് പിന്നില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അണിനിരന്നത്. ‘ഫിറോസ് ഖാന്‍, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് ‘ എന്നും ബാനറില്‍ എഴുതിയിരുന്നു.

Top