ലൈംഗികാരോപണം: സസ്‌പെന്റ് ചെയ്ത പ്രൊഫസറെ തിരിച്ചടുത്തു; പ്രതിഷേധം ശക്തം

ലക്‌നൗ:മീടു പരാതിയില്‍ കുടുങ്ങിയ പ്രൊഫസറെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി സമരം. സമരം പ്രക്ഷോഭത്തിലേയ്ക്ക് കടന്ന സാഹചര്യത്തില്‍ പ്രൊഫസറോട് നീണ്ട അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.പഠന യാത്രക്കിടെ പെണ്‍കുട്ടികളോട് മോശമായി പെരുമാറി എന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് സുവോളജി പ്രൊഫസര്‍ ഷെയ്ല്‍ കുമാര്‍ ചൗബയെ സസ്‌പെന്റ് ചെയ്തത്.

പഠനയാത്രയ്ക്ക് ഒഡീഷയിലേയ്ക്ക് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഷെയ്ല്‍ കുമാര്‍ ചൗബ പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയതോടെയാണ് പ്രൊഫസറെ സസ്‌പെന്റ് ചെയ്തത്.

തിരിച്ചെടുത്ത പ്രൊഫസറെ പിരിച്ചുവിടണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രൊഫസര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കണമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു.

Top