ഭോപ്പാൽ വാതക ദുരന്തം: നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

ഡൽഹി: 1984-ലെ ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ പിൻഗാമി കമ്പനികളിൽ നിന്ന് 7,844 കോടി രൂപ അധിക നഷ്ടപരിഹാരമായി നൽകണമെന്നാണ് കേന്ദ്രസർക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നത്.

മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത ദുരന്തത്തിന്റെ ഇരകൾക്ക്, ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 1989ലെ കരാറിന് പുറമെ ഇരകൾക്ക് അധിക പണം നൽകില്ലെന്ന് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ കെ മഹേശ്വർ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 12 ന് കേന്ദ്രസർക്കാരിന്റെ തിരുത്തൽ ഹർജിയിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു.

Top