തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഭോജ്പുരി സിനിമ താരം പവന്‍ സിംഗ്

കൊല്‍ക്കത്ത: തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഭോജ്പുരി സിനിമ താരം പവന്‍ സിംഗ്. അസന്‍സോളിലെ ബിജെപി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും ചില കാര്യങ്ങളാല്‍ പിന്മാറുകയാണെന്നും പവന്‍ സിംഗ് അറിയിച്ചു. ഇന്നലെയാണ് പവന്‍ സിംഗിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. കേരളത്തിലെ 12 മണ്ഡലങ്ങളിലെ ഉള്‍പ്പെടെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 195 അംഗ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടുന്നത്. 47പേര്‍ യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. 34 കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ട്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മത്സരിക്കും. അരുണാചല്‍ പ്രദേശില്‍ കിരണ്‍ റിജിജു മത്സരിക്കും. സര്‍ബാനന്ദ് സോനേബാല്‍ ദിബ്രുഗഡിലും ന്യൂഡല്‍ഹിയില്‍ ബാന്‍സുരി സ്വരാജും മത്സരിക്കും.

കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖര്‍(തിരുവനന്തപുരം), വി മുരളീധരന്‍(ആറ്റിങ്ങല്‍), അനില്‍ ആന്റണി(പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍( ആലപ്പുഴ), സുരേഷ് ഗോപി(തൃശൂര്‍), സി കൃഷ്ണകുമാര്‍(പാലക്കാട്), പ്രഫുല്‍കൃഷ്ണ(വടകര), ഡോ. അബ്ദുള്‍ സലാം(മലപ്പുറം), അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍(പൊന്നാനി), എംടി രമേശ്(കോഴിക്കോട്), സി രഘുനാഥ്(കണ്ണൂര്‍), എം എല്‍ അശ്വിനി(കാസര്‍ഗോഡ്) എന്നിവരാണ് കേരളത്തില്‍ നിന്ന് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചവര്‍.

Top