പവര്‍ സ്റ്റാറിന്റെ ഭീംല നായക് ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും

തിയേറ്ററുകളില്‍ ആവേശം നിറക്കാനെത്തുന്ന തെലുങ്ക് ചിത്രങ്ങളില്‍ പവര്‍സ്റ്റാറിന്റെ ഭീംല നായകും. മലയാളത്തില്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് തിയതി പുറത്തുവിട്ടു. 2022 ജനുവരി 22ന് തെലുങ്ക് ചിത്രം പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിലെ ആദ്യ ഗാനം ഉടന്‍ റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പവന്‍ കല്യാണും ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.ഇതുവരെ ടൈറ്റില്‍ പ്രഖ്യാപിക്കാത്ത ചിത്രത്തില്‍ പവന്‍ കല്യാണ്‍ ഭീംല നായക് എന്ന പൊലീസുകാരനായി എത്തുന്നു. മലയാളത്തില്‍ ബിജു മേനോന്‍ ചെയ്ത അയ്യപ്പന്‍ നായരുടെ കഥാപാത്രമാണിത്.

പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്റെ വേഷം ചെയ്യുന്നത് റാണ ദഗ്ഗുബാട്ടിയാണ്. മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ഗൗരി നന്ദ അവതരിപ്പിച്ച അയ്യപ്പന്‍ നായരുടെ ഭാര്യവേഷത്തില്‍ നിത്യ മേനോന്‍ എത്തുന്നു. കൂടാതെ, തെന്നിന്ത്യന്‍ നടി ഐശ്വര്യ രാജേഷും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സാഗര്‍ ചന്ദ്രയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ത്രിവിക്രമാണ് ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും ഒരുക്കുന്നത്. എസ്.തമന്‍ സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സിതാര എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി ചിത്രം നിര്‍മിക്കുന്നു.

 

 

Top