ഭീമ കൊറേഗാവ്; എട്ട് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ മലയാളികളായ ഫാദര്‍ സ്റ്റാന്‍ സ്വാമി, ഹാനി ബാബു എന്നിവരുള്‍പ്പെടെ എട്ട് സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ആനന്ദ് തെല്‍ത്തുംബ്‌ഡെ, ഗൗതം നവ്‌ലാഖ, സാഗര്‍ ഖോര്‍ഗെ, രമേഷ് ഗെയ്ചോര്‍, ജ്യോതി ജഗ്താപ്പ്, മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെല്‍ലുംദെ എന്നിവരും പട്ടികയിലുണ്ട്. ഡല്‍ഹി സര്‍വകലാശാല അസോസിയേറ്റ് പ്രഫസറാണ് ഹാനിബാബു.

2017 ഡിസംബര്‍ 31-ന് പൂനയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് യോഗത്തില്‍ പങ്കെടുത്ത സാമൂഹിക പ്രവര്‍ത്തകര്‍ പ്രകോപനപരമായ പ്രസംഗങ്ങളും പ്രകോപനപരമായ പ്രസ്താവനകളും നടത്തി. ഇതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം കലാപം നടന്നെന്നുമാണ് കേസ്. 83 വയസുള്ള സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ ദിവസമാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണു ഫാദര്‍ സ്റ്റാന്‍ സ്വാമി.

ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവാകാശ പ്രവര്‍ത്തകനായ ഇദ്ദേഹത്തെ റാഞ്ചിയിലെ ഓഫീസില്‍ എത്തിയ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ വന അവകാശങ്ങള്‍ക്കു വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണു സ്റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Top