ഭീമ കൊറേഗാവ്; ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ സാമൂഹ്യപ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. 83 വയസ്സാണ് ഇദ്ദേഹത്തിന്. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണു ഫാദര്‍ സ്റ്റാന്‍ സ്വാമി.

ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവാകാശ പ്രവര്‍ത്തകനായ ഇദ്ദേഹത്തെ റാഞ്ചിയിലെ ഓഫീസില്‍ എത്തിയ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാറന്റ് പോലും കാണിക്കാതെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കൊണ്ടുപോയതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ സ്വാമിയോട് മോശമായാണു പെരുമാറിയതെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ വന അവകാശങ്ങള്‍ക്കു വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണു സ്റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലിരിക്കുന്ന സമയത്തു സ്വാമിയെയും സുഹൃത്തിനെയും രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

Top