മുറിവുണങ്ങാത്ത കൊറേഗാവ്; രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം ജാതി സമരങ്ങളില്‍ . .

bhima-koregon

201 -ാംവാര്‍ഷികം ആകുമ്പോഴും ഒരു വര്‍ഗ്ഗീയ കലാപത്തിന്റെ അടിവേരുകള്‍ ഇപ്പോഴും ഇന്ത്യയില്‍ ആഴത്തില്‍ പതിഞ്ഞു കിടപ്പുണ്ട് എന്നതിന്റെ തെളിവാണ് ഭീമകൊറേഗാവ്. പൂനെ മുതല്‍ ഈ ഗ്രാമം വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വച്ചു പുലര്‍ത്തുന്നതിന്റെ പ്രധാന കാരണം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള കലാപത്തിന്റെ , ആക്രമണങ്ങളുടെ പേടി കൊണ്ടാണ്.

എല്ലാവര്‍ഷവും കൊറെഗാവ് കലാപത്തിന്റെ വാര്‍ഷികത്തില്‍ നിരവധി ദളിതര്‍ ഇവിടെ ഒത്തു കൂടും. ദളിതരെ സംബന്ധിച്ച് തൊട്ടു കൂടായ്മക്കെതിരെയുള്ള അതിജീവനത്തിന്റെ സമര ചരിത്രമാണ് ഇത്.

യാഥാസ്ഥിക ബ്രാഹ്മണമാര്‍ ആയിരുന്നു പേഷ്വകളില്‍ ഭൂരിഭാഗവും. മഹര്‍ ജാതിക്കാര്‍ നഗരത്തില്‍ കടക്കണമെങ്കില്‍ അവര്‍ പുറകില്‍ ഒരു ചൂല് കെട്ടണമായിരുന്നു: അവരുടെ കാല്‍പാദം പതിഞ്ഞാല്‍ അശുദ്ധിയാണ് ബ്രാഹ്മണന്. അവര്‍ക്ക് നിരത്തില്‍ തുപ്പാന്‍ പാടില്ല. അതിനു കഴുത്തില്‍ ഒരു പാത്രം കെട്ടി തൂക്കണം. ഇനി ജാതി മറച്ചുവെക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ അതും ശിക്ഷാര്‍ഹമായിരുന്നു. ഇത്തരം ജാതീയ ഉച്ചനീജത്വങ്ങളില്‍ പിടഞ്ഞ ജനവിഭാഗം അതിജീവന പോരാട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടു.

1818 ജനുവരി ഒന്നാം തീയതി പൂനെയിലെ കൊറേഗാവില്‍ മഹറുകളായ 500 ദളിത് സൈനികര്‍ 28,000 വരുന്ന സവര്‍ണ്ണ പേഷ്വാ സൈന്യത്തെ നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെടുത്തി ഉജ്ജ്വല വിജയം നേടിയതും മറാത്താ ഭരണകൂടത്തിന്റെ ജാതി ഭീകരവാഴ്ചക്ക് അറുതി വരുത്തിയതും ഇന്ത്യ കണ്ട ആവേശ്വോജ്ജ്വലമായ കാഴ്ചയാണ്.

ബോംബെ ബ്രിട്ടീഷ് റെജിമെന്റില്‍ പെട്ടവരായിരുന്നു ആ 500 മഹര്‍ സൈനികര്‍. മറുഭാഗത്ത് പേഷ്വാ സൈന്യത്തില്‍ 20,000-ത്തോളം വരുന്ന കുതിരപ്പടയും 8000-ഓളം വരുന്ന കാലാള്‍ പടയുമുണ്ടായിരുന്നു.

പേഷ്വാ സൈന്യത്തലന്മാരടക്കം 500 പേര്‍ മരിച്ചു വീണപ്പോള്‍ മറ്റുള്ളവര്‍ ദളിത് യുദ്ധവീര്യത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പരിക്കുകളോടെ പിന്‍തിരിഞ്ഞോടി രക്ഷപെടുകയായിരുന്നു.

മഹര്‍ യുദ്ധസ്മരണക്കായി ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ചതാണ് ഭീമകോറേഗാവ് വിജയ സ്തൂപം. 1927 ജനുവരി 1-ന് ബാബാസാഹെബ് അംബേദ്കര്‍, കോറേഗാവ് സന്ദര്‍ശിച്ച് ദളിത് സൈനിക വിജയസ്മരണ നിലനിര്‍ത്തി. അദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ആയിരക്കണക്കിന് ദളിതര്‍ ഇവിടേക്ക് ഒഴുകിയെത്തി വിജയ സ്തൂപത്തിനു മുന്നില്‍ പ്രണമിച്ചു മടങ്ങുന്നു.

കഴിഞ്ഞ വര്‍ഷം, അതായത് ഭീമാകൊറെഗാവ് 200-ാം വാര്‍ഷിക ദിനത്തില്‍ പല സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ പതിനായിരത്തോളം ജനങ്ങളെ ആക്രമിക്കാന്‍ മറാത്തകള്‍ തയ്യാറടുക്കുന്നുണ്ട് എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അപകടം തിരിച്ചറിഞ്ഞിട്ടും പോലീസ് സംവിധാനം മൗനം പാലിച്ചു. നിയമപാലകര്‍ നോക്കി നില്‍ക്കേ അക്രമത്തിന് മുതിരാനും, ശഹീദ് രാഹുല്‍ എന്ന യുവാവിന്റ ജീവനെടുക്കാനും മറാത്തകള്‍ക്ക് ധൈര്യം ഉണ്ടായത് നീതികേടാണ്. കഴിഞ്ഞ വര്‍ഷം ഭരണകൂടത്തിന് തലവേദനയായ ഒരു പ്രശ്നം 200-ാം വാര്‍ഷിക ദിനത്തിലുണ്ടായ കലാപമാണ്. ഇതിന്റെ പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ബിജെപിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു.

201-ാം വാര്‍ഷിക ദിനത്തിലും അതിശക്തമായ സുരക്ഷ ഇവിടെ ഒരുക്കേണ്ടി വരുന്നതിന്റെ മുഖ്യ കാരണം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള ദളിത് പ്രവര്‍ത്തകരുടെ സാന്നിധ്യം കൊണ്ടാണ്.

200 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതീയമായി രാജ്യത്ത് നിലനില്‍ക്കുന്ന വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തിന് മോചനമായിട്ടില്ല. ഓരോ ഭീമ കൊറെഗാവ് വാര്‍ഷികങ്ങളും വിളിച്ചു പറയുന്നത് അതാണ്. സുരക്ഷ നല്‍കി മാത്രം തടയാന്‍ ശ്രമിക്കണ്ടതല്ല ഇത്തരം വര്‍ഗ്ഗീയ കലാപങ്ങള്‍. ജാതി വെറിയില്‍ നിന്നും മാനസികമായ മുക്തി അനിവാര്യതയാണ്.

റിപ്പോര്‍ട്ട്: എ.ടി അശ്വതി

Top