ഭീമ കൊരെഗാവ് കേസ് ;മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുംബൈ : ഭീമ കൊരെഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്കു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ പൂണെ പൊലിസ് കസ്റ്റസഡിയില്‍. ഇവരെ കൂടാതെ എട്ടോളം മനുഷ്യാവകാശ പ്രവത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി വരികയാണ്.

ഇവരുടെ വീടുകളില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 6 മണിക്ക് ആരംഭിച്ച പരിശോധനയില്‍ ചില രേഖകളും, ലാപ്‌ടോപ്പുകളും മറ്റ് വസ്തുക്കളും ലഭിച്ചതായി പരിശോധന സംഘത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കൂടാതെ, ലഭിച്ച രേഖകളെല്ലാം തന്നെ സൂക്ഷ്മ പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഹൈദരാബാദ്, റാഞ്ചി, ഡല്‍ഹി, ഛത്തീസ്ഗര്‍ഹ്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെ വീടുകളിലാണ് ഇന്ന് പൊലീസ് പരിശോധന നടത്തുന്നത്. റെയിഡിനിടെ വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നും സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും ഗോണ്‍സാല്‍വസിനെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.

ഭീമ കൊരെഗാവ് സംഘര്‍ഷ കേസില്‍ കഴിഞ്ഞ ജൂണിന് മലയാളി മനുഷ്യാവകാശ പ്രവത്തകന്‍ ഉള്‍പടെ അഞ്ച് പെരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.പിയുടെ പ്രവര്‍ത്തകന്‍ മലയാളിയായ റോണ വില്‍സണ്‍, ദളിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ് ലെ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍സ് ലോയേസിന്റെ സുരേന്ദ്ര ഗാഡ് ലിങ്, നാഗ്പൂര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരെയാണ് പൂണെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.

ഇവര്‍ നക്‌സലുകളാണെന്നും ഇവരില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയെന്നും പൊലീസ് അവകാശപ്പെടുകയും ചെയ്തു.

Top