ഭീമ കൊറേഗാവ് കേസ്; വരവര റാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് സുപ്രീംകോടതി മെഡിക്കല്‍ ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങളാല്‍ സ്ഥിരം ജാമ്യം അനുവദിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് വരവര റാവു സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ ജസ്റ്റിസുമാരായ യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

വരവര റാവുവിന്റെ പ്രായം, ആരോഗ്യ സ്ഥിതി, രണ്ടര വര്‍ഷക്കാലത്തെ കസ്റ്റഡി കാലയളവ് എന്നിവയെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം കീഴടങ്ങണമെന്ന മുംബൈ ഹൈക്കോടതി നിബന്ധനയും റദ്ദാക്കിയിട്ടുണ്ട്.

പ്രത്യേക എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ മുംബൈ വിടരുതെന്നും സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തുനിയരുത്. ഇഷ്ടമുള്ള വൈദ്യസഹായം സ്വീകരിക്കാം. എന്‍ഐഎയുമായി സമ്പര്‍ക്കംപുലര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യകാരണങ്ങളാല്‍ മാത്രമാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും കേസിന്റെ മെറിറ്റിനെ ഇത് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Top