ഭീമ കൊറേഗാവ് കേസ്; ഗൗതം നവലഖയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമര്‍പ്പിച്ച ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചില്‍ വാദം പൂര്‍ത്തിയായി. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവലഖയുടെ ആവശ്യം. 2017 ഡിസംബര്‍ 31ന് ഗൗതം നവലഖ പുനെയില്‍ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എന്‍ഐഎ കേസ്.

കഴിഞ്ഞ ദിവസം, ഭീമ കൊറേഗാവ് കേസില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ എന്‍ഐഎ പ്രത്യേക കോടതി തള്ളിയിരുന്നു. പാര്‍ക്കിന്‍സണ്‍ അസുഖം അടക്കം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു. മാവോയിസ്റ്റ് ബന്ധമില്ലെന്ന് വരുത്താന്‍ സ്റ്റാന്‍ സ്വാമി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്‍ഐഎ ആരോപിച്ചു.

 

Top