ഭീമ കോറേഗാവ് കേസ്: തെളിവുകൾ കൃത്രിമമെന്ന് ഫൊറൻസിക് റിപ്പോർട്ട്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ പൊതുപ്രവർത്തകർക്കും ബുദ്ധിജീവികൾക്കുമെതിരെ കണ്ടെത്തിയ പ്രധാന തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട്. ഇവരുടെ ലാപ്ടോപിൽ മാൽവെയർ ഉപയോഗിച്ചു നുഴഞ്ഞുകയറിയാണ് ഇവ സ്ഥാപിച്ചതെന്നും വാഷിങ്‌ടൻ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫൊറൻസിക് റിപ്പോർട്ട് പറയുന്നു.

പൊതുപ്രവർത്തകൻ റോണ വിൽസന്റെ ലാപ്ടോപിൽ നുഴഞ്ഞുകയറി കുറഞ്ഞതു 10 കത്തുകളെങ്കിലും ഹാക്കർമാർ സ്ഥാപിച്ചുവെന്നാണു യുഎസിലെ ഡിജിറ്റൽ ഫൊറൻസിക്സ് സ്ഥാപനമായ ആർസനൽ കൺസൽട്ടിങ് കണ്ടെത്തിയത്.എന്നാൽ, സൈബർ ആക്രമണം നടത്തിയത് ആരെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. പ്രതികൾക്കെതിരെ തെളിവുകളായി പുണെ പൊലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ പരാമർശിക്കുന്നത് ഈ കത്തുകളിലെ ഉള്ളടക്കമാണ്.

2016 ജൂണിലാണു തെലുങ്കു കവിയും കൂട്ടുപ്രതിയുമായ വരവര റാവുവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അയച്ച സന്ദേശങ്ങളിലൂടെയാണു സൈബർ ആക്രമണം നടന്നത്. 22 മാസത്തോളം ലാപ്ടോപ് മാൽവെയറിന്റെ നിയന്ത്രണത്തിലായിരുന്നു.

2017 ഡിസംബർ 31നു പുണെയിൽ എൽഗാർ പരിഷത് സമ്മേളനത്തിൽ നേതാക്കൾ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും പിറ്റേന്ന് ഭീമ കോറേഗാവിൽ ഇത് സംഘർഷത്തിലേക്കു നയിച്ചുവെന്നുമാണ് കേസ്.

Top