ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിക്കെതിരേ ഡല്‍ഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. വന്‍ സ്വീകരണമാണ് ജയിലിന് പുറത്ത് ആസാദിന് അണികള്‍ നല്‍കിയത്. ഇന്നലെയാണ് ഡല്‍ഹി തീസ് ഹസാരി കോടതി ഉപാധികളോടെ ആസാദിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് ആസാദിന് ജയിലില്‍ നിന്നും ഇറങ്ങാനായത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. അടുത്ത നാല് ആഴ്ചത്തേക്ക് ഡല്‍ഹിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ ആഴ്ചകളിലെ എല്ലാ ശനിയാഴ്ചയും യുപിയിലെ സഹറന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്നും കുറ്റപത്രം സമര്‍പ്പിക്കുന്ന എല്ലാ മാസത്തിലേയും അവസാന ശനിയാഴ്ച സ്റ്റേഷനിലെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ചികിത്സക്കായി ഡല്‍ഹിയില്‍ വരേണ്ടതുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കണമെന്നും സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഒരു മാസത്തേക്ക് വിട്ട് നില്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 20ന് ഡല്‍ഹിജമാ മസ്ജിദില്‍ പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ആസാദിനെ ഡിസംബര്‍ 21-ന് പുലര്‍ച്ചെ നാടകീയമായിട്ടാണ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Top