ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കി ഡല്‍ഹി തീസ് ഹസാരി കോടതി. ആസാദിന് ഡല്‍ഹിയില്‍ താമസിക്കാനാണ് കോടതി അനുമതി നല്‍കിയത്.ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പായി ഡല്‍ഹിയിലെ പരിപാടികളുടെ വിശദമായ വിവരങ്ങള്‍ പോലീസിനെ അറിയിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കോടതിയില്‍ നല്‍കിയ വിലാസത്തില്‍ മാത്രമേ താമസിക്കാവൂ എന്ന നിബന്ധനയോടു കൂടിയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 21ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദിന് കഴിഞ്ഞ 15നാണ് കോടതി ജാമ്യം അനുവദിച്ചത്. അടുത്ത നാല് ആഴ്ച ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്.

Top