ബാര്‍ കൗണ്‍സിലിന് ‘ഔദ്യോഗിക’ പരാതി നല്‍കി ഭാവന; ‘ദിലീപിന്റെ അഭിഭാഷകര്‍ കേസില്‍ നിയമവിരുദ്ധമായി ഇടപെടുന്നു’

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്ക് എതിരെ ബാര്‍ കൗണ്‍സിലിന് ഔദ്യോഗിക പരാതി നല്‍കി അതിജീവിത. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ നിയമവിരുദ്ധ ഇടപെടലുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഇ-മെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അതിജീവിത രേഖാമൂലം പരാതി നല്‍കിയത്.

നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി രാമന്‍ പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലെ ആശങ്കയാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യമാണ് അതിജീവിത ഉയര്‍ത്തുന്നത്.

നേരത്തെ ഇ-മെയില്‍ വഴി അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് രേഖാമൂലം പരാതി നല്‍കിയത്. നേരിട്ട് ബാര്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് അടച്ചു നല്‍കുന്ന പരാതിയില്‍ മാത്രമേ തുടര്‍നടപടി ഉണ്ടാകൂ എന്നതാണ് ചട്ടം. വിശദമായ നിയമ പരിശോധനകള്‍ക്ക് ഒടുവിലാണ് പരാതി തയ്യാറാക്കി അതിജീവിത ബാര്‍ കൗണ്‍സിലിന് കൈമാറിയത്.പരാതിയുടെ 30 പകര്‍പ്പുകളും ഇംഗ്ലീഷ് പരിഭാഷയും ബാര്‍ കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്. അതിജീവിത കൈമാറിയ പരാതിയുടെ പകര്‍പ്പ് അംഗങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. അതിജീവിതയുടെ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.

Top