ഒരിക്കല്‍ മമതയുടെ കണ്ണിലുണ്ണി ; ഇപ്പോള്‍ മോസ്റ്റ് വാണ്ടഡ്,ഭാരതിയെ കൂടെക്കൂട്ടാന്‍ ബിജെപിയും

bharathi

വെസ്റ്റ് ബംഗാള്‍: ഒരു കാലത്ത് മമത ബാനര്‍ജിയുടെ കണ്ണിലുണ്ണിയായ മുന്‍ പൊലീസ് സൂപ്രണ്ടായ ഭാരതി ഘോഷ് ഇപ്പോള്‍ അപ്രത്യക്ഷയാണ്. പശ്ചിമ ബംഗാള്‍ സിഐഡി സംഘം രാജ്യം മുഴുവന്‍ അരിച്ചു പെറുക്കി ഭാരതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഭാരതിയെ കാണാനില്ലെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 9-തിന് ഭര്‍ത്താവും മുതിര്‍ന്ന സ്റ്റോക്ക് എക്‌സേഞ്ച് ഉദ്യോഗസ്ഥനുമായ എം.എ.വി രാജു പരാതി നല്‍കിയിരുന്നു. അതേസമയം, ഭാരതി മീഡിയയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു കാലത്ത് മാവോയിസ്റ്റിന്റെ കൈപിടിയിലായ മിഡ്‌നാപൂരിലായിരുന്നു ഭാരതിയെ മമത നിയമിച്ചത്. മാവോയിസ്റ്റുകളെ കീഴടക്കുന്നതില്‍ ഭാരതി വിജയിച്ചതോടെയാണ് മമതയുടെ കണ്ണിലുണ്ണിയായി മാറിയത്.

തൃണമുല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റം ഭാരതിയുടെ അറിവോടെയായിരുന്നു. 2017-നവംബറില്‍ മുകുള്‍ റോയി ബിജെപിയിലേക്ക് പോയതോടെ ഡിസംബറിലാണ് ഭാരതിയെ തരം താഴ്ത്തിയത്. താരതമ്യേന പ്രാധാന്യം കുറഞ്ഞ പദവിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഡിസംബര്‍ അവസാനത്തോടെയാണ് ഭാരതി രാജിവച്ചത്. തുടര്‍ന്ന് ഭാരതിക്കെതിരെ നടന്നത് ഒരുതരം വേട്ടയാടലായിരുന്നു. രാജിവെച്ച് രണ്ടുമാസത്തിന് ശേഷം ഭാരതിക്കെതിരെ സിഐഡി രംഗത്തെത്തി.

കഴിഞ്ഞ മാസം നഗരത്തിലെ ഭാരതിയുടെ ഉടമസ്ഥതയിലുള്ള മൂന്നു വീടുകളില്‍ സിബിഐ-സിഐഡി പരിശോധന നടത്തിയിരുന്നു. ആളുകളോട് മോശമായി പെരുമാറുകയും കൈക്കൂലി വാങ്ങുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് ഭാരതിയുടെ വീട്ടില്‍ സി ഐ ഡി സംഘം തിരച്ചില്‍ നടത്തിയത്. ഇതില്‍ ഒന്നില്‍ നിന്ന് 2.5 കോടി രൂപ സംഘം കണ്ടെത്തിയിരുന്നു.

അലമാരയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഭാരതിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് വീടുകളിലും സി ഐ ഡി സംഘം നോട്ടീസ് പതിക്കുകയും അന്വേഷണ സംഘത്തിനു മുന്നില്‍ മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഭാരതിയുടെയും മറ്റ് രണ്ട് പോലീസുകാരുടെയും വീടുകളില്‍ നേരത്തെയും സി ഐ ഡി തിരച്ചില്‍ നടത്തിയിരുന്നു.

അന്ന് സ്വര്‍ണാഭരണങ്ങളും രേഖകളും പണവും കണ്ടെത്തിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി ഐ ഡി സംഘം റെയ്ഡ് നടത്തിയത്. ചില പൊലീസുകാര്‍ തന്റെ കയ്യില്‍നിന്ന് നിര്‍ബന്ധപൂര്‍വം പണം വാങ്ങിയെന്ന ഒരു വ്യക്തിയുടെ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡിന് കോടതി ഉത്തരവിട്ടിരുന്നത്. അതേസമയം തനിക്കെതിരായ നടപടിക്കെതിരെ കോടതിയില്‍ സിബിഐക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഭാരതി പറഞ്ഞിരുന്നു.

അതേസമയം ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ മുഖ്യമന്ത്രി മമത തയാറായില്ല. അവര്‍ കള്ളക്കടത്തുകാര്‍ക്കൊപ്പമായിരുന്നുവെന്ന് വരുത്തി തീര്‍ക്കാനാണ് മമത ശ്രമിക്കുന്നത്. ഒരുകാലത്ത് മമതയുടെ കണ്ണിലുണ്ണിയായ ഭാരതിയെ ഇപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന്എന്തിനാണെന്ന് പ്രതിപക്ഷം ആരായുന്നത്. അതേസമയം ഭാരതിയെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ ബിജെപിയും ഒരുങ്ങി കഴിഞ്ഞു.

റിപ്പോര്‍ട്ട്: സുമി പ്രവീണ്‍

Top